ഉത്തരാഖണ്ഡ്: രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു; കണ്ടെടുത്തത് 10 മൃതദേഹങ്ങള്‍; 170 പേരെ കാണാനില്ല

മരിച്ചവരുടെ കുടുംബത്തിനു നാലു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍

ഡെറാഢൂണ്‍:  ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. 170 പേരെ കാണാതായി. അളകനന്ദ നദി കരകവിഞ്ഞൊഴുകിയാണു വന്‍ദുരന്തമുണ്ടായത്. 150 പേര്‍ വരെ മരിച്ചതായി സംശയിക്കുന്നെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി വ്യക്തമാക്കി. തപോവന്‍ ജലവൈദ്യുതി നിലയം ഒലിച്ചുപോയി. എന്‍ടിപിസിയുടെ സൈറ്റില്‍ ജോലി ചെയ്തിരുന്നവരാണു ദുരന്തത്തിന് ഇരയായവരില്‍ ഏറെയും.

മരിച്ചവരുടെ കുടുംബത്തിനു നാലു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് രണ്ടു ലക്ഷം രൂപയും നല്‍കും. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ കൈമാറും. അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ശാസ്ത്രസംഘം സ്ഥലം സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിര്‍മാണത്തിലിരുന്ന തുരങ്കത്തിനുള്ളില്‍ അകപ്പെട്ട 16 പേരെ ഐടിബിപി സംഘം രക്ഷിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനു കര, വ്യോമസേനകള്‍ രംഗത്തുണ്ട്. 2013ലെ പ്രകൃതിദുരന്ത സമയത്തെ മാതൃകയിലാണു രക്ഷാദൗത്യം. സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിലയിരുത്തി. മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി, നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യ ഉത്തരാഖണ്ഡിനൊപ്പമുണ്ടെന്നും രാജ്യം മുഴുവന്‍ പ്രാര്‍ഥനയിലാണെന്നും അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com