'സമരങ്ങളാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്; ബിജെപി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയിട്ടില്ല': മോദിയുടെ 'സമരജീവി' പരാമര്‍ശത്തിന് എതിരെ സംയുക്ത കിസാന്‍ മോര്‍ച്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2021 07:44 PM  |  

Last Updated: 08th February 2021 07:46 PM  |   A+A-   |  

farmers_protest-aiks

ഗാസിപ്പൂരില്‍ തുടരുന്ന കര്‍ഷക സമരത്തില്‍ നിന്ന്/ പിടിഐ

 

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റിലെ പ്രസംഗത്തില്‍ പ്രതികരണവുമായി സംയുക്ത കിസാന്‍ മോര്‍ച്ച. പ്രധാനമന്ത്രി സമരം ചെയ്യുന്ന കര്‍ഷകരെ അപമാനിച്ചെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രതികരിച്ചു. തങ്ങള്‍ സമരജീവികള്‍ ആയതില്‍ അഭിമാനിക്കുന്നെന്നും കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു.

സമരങ്ങളാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. സമര ജീവികളായതില്‍ അഭിമാനിക്കുന്നു. ബിജെപിയും മുന്‍ഗാമികളും ബ്രിട്ടീഷുകാര്‍ക്ക് എതിരെ സമരം ചെയ്തിട്ടില്ലെന്നും കിസാന്‍ മോര്‍ച്ച പറഞ്ഞു.

അതേസമയം, കേന്ദ്രസര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. അടുത്ത  ചര്‍ച്ചയ്ക്കുള്ള തീയതി നിശ്ചയിക്കാന്‍ കര്‍ഷക നേതാക്കള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ചര്‍ച്ച നടത്താന്‍ കര്‍ഷകര്‍ ഒരിക്കലും വിസ്സമ്മതിച്ചിട്ടില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ശിവകുമാര്‍ കക്ക പറഞ്ഞു.

രാജ്യത്ത് ഒരു പുതിയ വിഭാഗം സമരജീവികള്‍ ഉദയം കൊണ്ടിട്ടുണ്ടെന്നായിരുന്നു മോദിയുടെ പരാമര്‍ശം. അഭിഭാഷകരുടെയോ വിദ്യാര്‍ഥികളുടെയോ തൊഴിലാളികളുടെയോ ആകട്ടെ, എവിടെ പ്രതിഷേധമുണ്ടോ അവിടെ ഇക്കൂട്ടരെ കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് സമരം ഇല്ലാതെ ജീവിക്കാന്‍ ആകില്ലെന്നും ഇക്കൂട്ടരെ തിരിച്ചറിയണമെന്നും അവരില്‍നിന്ന് രാജ്യത്തെ സംരക്ഷിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.