ചമോലി ദുരന്തത്തില്‍ മരണം 14 ആയി ; 30 ഓളം പേര്‍ ടണലില്‍ കുടുങ്ങി ?; ടണല്‍ പൂര്‍ണമായും മൂടിപ്പോയതായും റിപ്പോര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2021 09:11 AM  |  

Last Updated: 08th February 2021 09:11 AM  |   A+A-   |  

chamoli rescue

രക്ഷാപ്രവര്‍ത്തനം തുടരുന്നു / എഎന്‍ഐ ചിത്രം

 

ഡെറാഢൂണ്‍:  ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരണം 14 ആയി. ഇതുവരെ വിവിധ സ്ഥലങ്ങളില്‍ നിന്നായി 14 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ചമേലി പൊലീസ് അറിയിച്ചു. 15 പേരെ രക്ഷപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. 

അപകടത്തില്‍ 170 പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. തപോവന്‍ വൈദ്യുത പദ്ധതിയുടെ രണ്ടാം ടണലില്‍ 30 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നതെന്ന് തിരച്ചിലിന് നേതൃത്വം നല്‍കുന്ന ഐടിബിപിയുടെ വക്താവ് വിവേക് പാണ്ഡെ പറഞ്ഞു. 

തിരച്ചിലിനായി 300 ഐടിബിപി ( ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്) സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ജെസിബി അടക്കമുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ച് ടണലില്‍ അടിഞ്ഞുകൂടിയ ചെളി നീക്കാനുള്ള ശ്രമം തുടരുകയാണ്. രണ്ടര കിലോമീറ്റര്‍ നീളമുള്ള ടണല്‍ ചെളിയില്‍ പൂര്‍ണമായും മൂടിപ്പോയതായി റിപ്പോര്‍ട്ടുകളുണ്ട്. 

മന്ദാകിനി നദിയില്‍ ജലനിരപ്പ് ഉയരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാണ്. ഇതേത്തുടര്‍ന്ന് പുലര്‍ച്ചെ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ടണലില്‍ കുടുങ്ങിയവരെ കണ്ടെത്തുന്നതിനായി രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സൈന്യത്തെ രംഗത്തിറക്കുമെന്നും വിവേക് പാണ്ഡെ വ്യക്തമാക്കി. 

എന്‍ടിപിസിയുടെ സൈറ്റില്‍ ജോലി ചെയ്തിരുന്നവരാണു ദുരന്തത്തിന് ഇരയായവരില്‍ ഏറെയും. അളകനന്ദ, ദൗലിഗംഗ, ഋഷിഗംഗ നദികളിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ ഗ്രാമങ്ങള്‍ വെള്ളത്തിനിടയിലായി. തപോവന്‍ ജലവൈദ്യുതി നിലയം ഒലിച്ചുപോയി. ഋഷിഗംഗ വൈദ്യുത പദ്ധതി പൂര്‍ണമായി നശിച്ചതായി മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് പറഞ്ഞു.