രാജ്കുമാറിനെ മോചിപ്പിക്കാന്‍ വീരപ്പന്‍ ആവശ്യപ്പെട്ടത് ആയിരം കോടി, നല്‍കിയത് 15 കോടി!; റാഞ്ചല്‍ നാടകത്തിലെ അണിയറക്കഥകള്‍

ആയിരം കോടി രൂപയാണ് തുടക്കത്തില്‍ വീരപ്പന്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. 900 കോടിയുടെ സ്വര്‍ണവും നൂറു കോടി പണമായും
വീരപ്പന്‍, രാജ്കുമാര്‍/ഫയല്‍
വീരപ്പന്‍, രാജ്കുമാര്‍/ഫയല്‍

സേലം: കന്നട ചലച്ചിത്ര താരം രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ വനംകൊള്ളക്കാരന്‍ വീരപ്പന്‍ ആവശ്യപ്പെട്ടത് ആയിരം കോടി രൂപ! വിലപേശലിനൊടുവില്‍ പതിനഞ്ചു കോടി രൂപയ്ക്കാണ് രാജ്കുമാറിനെ വിട്ടയച്ചതെന്നും വെളിപ്പെടുത്തല്‍. രണ്ടു പതിറ്റാണ്ടു മുമ്പു നടന്ന തട്ടിക്കൊണ്ടുപോവല്‍ നാടകത്തില്‍ വീരപ്പനുമായി ചര്‍ച്ചയ്ക്കു നിയോഗിക്കപ്പെട്ട സംഘത്തില്‍ അംഗമായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ എഴുതിയ പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.

തമിഴ്‌നാട്ടിലെ തലവടിക്കു സമീപമുള്ള ഫാംഹൗസില്‍നിന്ന് 2000 ജൂലൈ 30നാണ് രാജ്കുമാറിനെ വീരപ്പന്‍ റാഞ്ചിയത്. ബന്ധുക്കളായ ഗോവിന്ദരാജ്, നാകേഷ്, അസിസ്റ്റന്റ് നാഗപ്പ എന്നിവരെയും വീരപ്പന്‍ സംഘം രാജ്കുമാറിനൊപ്പം തട്ടിക്കൊണ്ടുപോയി. രാജ്കുമാറിന്റെ മോചനത്തിനായി തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകള്‍ നക്കീരന്‍ പത്രാധിപര്‍ ഗോപാലിന്റെ നേതൃത്വത്തില്‍ സംഘത്തെ നിയോഗിക്കുകയായിരുന്നു. ഈ സംഘത്തില്‍ അംഗമായിരുന്ന പി ശിവസുബ്രഹ്മണ്യമാണ്, അന്നത്തെ സംഭവങ്ങളെ ചുരുളഴിച്ചുകൊണ്ട് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

നൂറ്റി ആറു ദിവസമാണ് രാജ്കുമാര്‍ വീരപ്പന്റെ കസ്റ്റഡിയില്‍ കഴിഞ്ഞത്. ഇതിനിടെ സംഘം വീരപ്പനുമായി പലതവണ ചര്‍ച്ച നടത്തി. ആയിരം കോടി രൂപയാണ് തുടക്കത്തില്‍ വീരപ്പന്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. 900 കോടിയുടെ സ്വര്‍ണവും നൂറു കോടി പണമായും. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ പതിനഞ്ചു കോടിക്കാണ് രാജ്കുമാറിനെ വിട്ടയയ്ക്കാമെന്ന ധാരണയായത്.

കോടികള്‍ നല്‍കിയാണ് രാജ്കുമാറിനെ മോചിപ്പിച്ചതെന്ന് അന്ന് വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രാജകുമാറിന്റെ കുടുംബമോ കര്‍ണാടക സര്‍ക്കാരോ ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു. ജനങ്ങള്‍ സത്യം അറിയട്ടെ എന്നു കരുതിയാണ് ഇക്കാര്യം ഇപ്പോള്‍ എഴുതുന്നതെന്ന് സുബ്രഹ്മണ്യം പുസ്തകത്തില്‍ പറയുന്നു.

15.22 കോടി രൂപയാണ് കര്‍ണാടക സര്‍ക്കാര്‍ വീരപ്പനു നല്‍കിയത്. നക്കീരന്‍ ഗോപാല്‍ വഴി രണ്ട് ഗഡുക്കള്‍ ആയാണ് പണം നല്‍കിയത്. പണം കൈയില്‍ കിട്ടിയ ശേഷമാണ് വീരപ്പന്‍ താരത്തെ മോചിപ്പിച്ചത്. ഡിവികെ പ്രസിഡന്റ് കൊളത്തൂര്‍ മണി, തമിഴര്‍ ദേശീയ മുന്നണി പ്രസിഡന്റ് പി നെടുമാരന്‍ എന്നിവര്‍ക്കാണ് രാജ്കുമാറിനെ കൈമാറിയതെന്നും പുസ്തകത്തിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com