ചവറുകൂന നീക്കി പൂന്തോട്ടമാക്കി; വൈഫൈയും ഗസ്റ്റ് റൂമും; സമരഭൂമിയില്‍ പാര്‍ക്ക് നിര്‍മ്മിച്ച് കര്‍ഷകര്‍

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യാന്‍ പഞ്ചാബില്‍ നിന്ന് തിക്രി അതിര്‍ത്തിയില്‍ എത്തിയ കര്‍ഷകരാണ് സമരഭൂമിയ്ക്ക് സമീപം പൂന്തോട്ടം ഉള്‍പ്പെടെയുള്ള പാര്‍ക്ക് നിര്‍മ്മിച്ചത്.
സമരഭൂമിയില്‍ കര്‍ഷകര്‍ നിര്‍മ്മിച്ച പാര്‍ക്ക്/ചിത്രം: ട്വിറ്റര്‍
സമരഭൂമിയില്‍ കര്‍ഷകര്‍ നിര്‍മ്മിച്ച പാര്‍ക്ക്/ചിത്രം: ട്വിറ്റര്‍

ന്യൂഡല്‍ഹി: പ്രക്ഷോഭ ഭൂമിയില്‍ പാര്‍ക്ക് നിര്‍മ്മിച്ച് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യാന്‍ പഞ്ചാബില്‍ നിന്ന് തിക്രി അതിര്‍ത്തിയില്‍ എത്തിയ കര്‍ഷകരാണ് സമരഭൂമിയ്ക്ക് സമീപം പൂന്തോട്ടം ഉള്‍പ്പെടെയുള്ള പാര്‍ക്ക് നിര്‍മ്മിച്ചത്. പൂന്തോട്ടത്തില്‍ ആരും അതിക്രമിച്ച് കടക്കാതിരിക്കാന്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. 

റോഡില്‍ നിന്ന്‌ വേലികെട്ടി തിരിച്ചാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഇരിപ്പിടങ്ങളും ചെറിയൊരു വിസിറ്റേഴ്‌സ് റൂം ഈ പാര്‍ക്കിനുള്ളില്‍ കര്‍ഷകര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇനിമുതല്‍ ഈ പാര്‍ക്കിലിരുന്നാകും സമര പരിപാടികളുടെ തുടര്‍ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യുക എന്ന് കര്‍ഷകര്‍ പ്രതികരിച്ചു. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തുന്ന പ്രമുഖര്‍ക്ക് ഉപയോഗിക്കാനാണ് ഗസ്റ്റ് റൂം ഉണ്ടാക്കിയിരിക്കുന്നത്. പാര്‍ക്കില്‍ വൈഫൈ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ചവറുകൂനയായി കിടന്നിരുന്ന സ്ഥലമാണ് കര്‍ഷകര്‍ ഇത്തരത്തിലാക്കിയത്. ഇവിടുത്തെ ദുര്‍ഗന്ധം സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ പഞ്ചാബില്‍ നിന്ന് വന്ന  കര്‍ഷകര്‍ പാര്‍ക്ക് നിര്‍മ്മിക്കാമെന്ന ആശയവുമായി മുന്നോട്ടുവരികയായിരുന്നു എന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.

ട്രാക്ടറുകള്‍ ഉപയോഗിച്ച് മാലിന്യങ്ങള്‍ നീക്കി. പഞ്ചാബില്‍ നിന്നുതന്നെ കസേരകളും ബെഞ്ചുകളും കൊണ്ടുവന്നു. ചെടികള്‍ നട്ടുപിടിപ്പിക്കുയും ചുറ്റും വേലി കെട്ടുകയും ചെയ്തു. 

ഡല്‍ഹിയിലെ മറ്റു അതിര്‍ത്തികളില്‍ സമരം നയിക്കുന്ന കര്‍ഷക നേതാക്കള്‍ ചര്‍ച്ച ചെയ്യാനായി ഇവിടെയെത്തിയപ്പോള്‍ ഈ പാര്‍ക്ക് കണ്ടു വളരെ സന്തോഷിച്ചെന്നും ഇവിടെയിരുന്നാണ് ചര്‍ച്ച നടത്തിയതെന്നും കര്‍ഷകര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com