ഫീസ് അടയ്ക്കാൻ പണമില്ല, 3000 രൂപ കുടിശിക; മനംനൊന്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2021 02:59 PM |
Last Updated: 12th February 2021 02:59 PM | A+A A- |

പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: ഫീസ് അടയ്ക്കാൻ പണമില്ലാത്തതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിനിയായ യശസ്വിനിയാണ് (15) ജീവനൊടുക്കിയത്. പഠനം തുടരാൻ കഴിയാത്തതിന്റെ വിഷാദത്തിലായിരുന്നു മകളെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും മാതാപിതാക്കൾ ആരോപിച്ചു.
ഫീസ് തുകയിൽ 3000 രൂപയാണ് യശസ്വിനി അടയ്ക്കാനുണ്ടായിരുന്നത്. ഇത് നൽകാൻ മകളെക്കൊണ്ട് നിരന്തരം വീട്ടിലേക്ക് ഫോൺ വിളിപ്പിക്കുമായിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു. ഈ കാരണം കൊണ്ട് മകൾ സ്കൂളിൽ പോകാറില്ലായിരുന്നെന്നും തുടർന്ന് പഠിക്കാൻ കഴിയില്ലെന്ന നിരാശയിലാണ് ജീവനൊടുക്കിയതെന്നും മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു.
വ്യാഴാഴ്ച ജോലി കഴിഞ്ഞ് മാതാപിതാക്കൾ മടങ്ങിയെത്തിയപ്പോഴാണ് മകളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ടും കതകു തുറക്കാഞ്ഞതിനാൽ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. അസ്വാഭിവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.