ലൈവ് ചര്‍ച്ചയ്ക്കിടെ ഭൂമികുലുക്കം; കുലുങ്ങാതെ രാഹുല്‍ ഗാന്ധി ; 'സൂപ്പര്‍ കൂളായി' ചര്‍ച്ച തുടര്‍ന്നു ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2021 10:17 AM  |  

Last Updated: 13th February 2021 10:17 AM  |   A+A-   |  

rahul gandhi

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം ഉത്തരേന്ത്യയില്‍ സാമാന്യം ഭേദപ്പെട്ട ഭൂചലനമാണ് ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഡല്‍ഹി അടക്കം നടുങ്ങി. ഭൂചലനം അനുഭവപ്പെട്ട സമയത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഓണ്‍ലൈന്‍ ചര്‍ച്ചയിലായിരുന്നു. ഭൂചലനത്തില്‍ രാജ്യതലസ്ഥാനം പരിഭ്രമിച്ചപ്പോഴും, യാതൊരു ഭാവഭേദവുമില്ലാതെ ചര്‍ച്ച തുടരുകയായിരുന്നു രാഹുല്‍ ഗാന്ധി. 

ഭൂചലനത്തിലും പരിഭ്രമം ഇല്ലാതെ ചര്‍ച്ച തുടര്‍ന്ന രാഹുലിന് സമൂഹമാധ്യമങ്ങളില്‍ നിറയെ അഭിനന്ദനപ്രവാഹമാണ്. ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായിട്ടായിരുന്നു രാഹുലിന്റെ ഓണ്‍ലൈനിലെ ലൈവ് ചര്‍ച്ച. സോഷ്യല്‍ മീഡിയയിലെ ട്രോളുകളെക്കുറിച്ചും  കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാടിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.  

ഭൂചലനം ഉണ്ടായപ്പോള്‍, എന്റെ മുറി മുഴുവന്‍ കുലുങ്ങുന്നുണ്ട് ഭൂചലനമാണെന്നാണ് കരുതുന്നത് എന്ന് പറഞ്ഞ രാഹുല്‍ ചര്‍ച്ച തുടരുകയായിരുന്നു. ഇത് കേട്ടു അതിഥികള്‍ നടുങ്ങിയെങ്കിലും രാഹുല്‍ ഗാന്ധി ചെറുപുഞ്ചിരിയോടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് തുടര്‍ന്നു. 

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിട്രോഡയും രാഹുല്‍ ഗാന്ധിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഭൂചലനത്തിലും ശാന്തമായി പെരുമാറുന്ന രാഹുല്‍ ഗാന്ധിയുടെ  ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സോഷ്യല്‍ മീഡിയയിലൂടെ നിരവധിപേര്‍ അഭിനന്ദനവുമായി രംഗത്തെത്തിയത്.