കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അസമില്‍ സിഎഎ നടപ്പാക്കില്ല; രാഹുല്‍ ഗാന്ധി
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2021 07:54 PM |
Last Updated: 14th February 2021 07:54 PM | A+A A- |
അസമിലെ റാലിയില്‍ രാഹുല്‍ ഗാന്ധി/പിടിഐ
ശിവസാഗര്‍: കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ അസമില്‍ സിഎഎ നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അസം നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസം ജനതയുടെ മൂല്യങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംരക്ഷിക്കുമെന്നും ഒരിക്കലും സിഎഎ നടപ്പാക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അസമിലെ രാഹുലിന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയായിരുന്നു ഇത്.
'ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്ന സ്വന്തം മുഖ്യമന്ത്രിയാണ് അസമിന് വേണ്ടത്. നാഗ്പുരില്‍ നിന്നോ ഡല്‍ഹിയില്‍ നിന്നോ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രിയല്ല വേണ്ടത്. അസം ജനതയുടെ യോജിപ്പ് സമാധാനം കൊണ്ടുവരും. അസം ജനതയുടെ യോജിപ്പ് താനും തന്റെ പാര്‍ട്ടിയും സംരക്ഷിക്കും. അതില്‍ നിന്ന് അണുവിട വ്യതിചലിക്കില്ല. നിയമപരമല്ലാത്ത കുടിയേറ്റം അസമില്‍ ഒരു പ്രശ്‌നമാണ്. പക്ഷേ അത് ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ അസമിന് കഴിയും. ആര്‍എസ്എസും ബിജെപിയും അസമിനെ വിഘടിക്കാന്‍ ശ്രമിക്കുകയാണ്. അസം വിഘടിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ കേന്ദ്ര ആഭ്യന്തര മന്ത്രിക്കോ യാതൊരു പ്രശ്‌നവുമില്ല. പക്ഷേ അസമിനെയും രാജ്യത്തെയുമാണത് ബാധിക്കുക' രാഹുല്‍ പറഞ്ഞു.
റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ടിവിയെ നിയന്ത്രിക്കാം. പക്ഷേ മുഖ്യമന്ത്രിയെ നിയന്ത്രിക്കരുത്. നിലവിലെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് നാഗ്പുരും ഡല്‍ഹിയുമാണ്. ഇത് പോലൊരു മുഖ്യമന്ത്രിയെയാണ് ലഭിക്കുന്നതെങ്കില്‍ അസം ജനതക്ക് അതുകൊണ്ട് യാതൊരു ഗുണവുമില്ല. തങ്ങള്‍ക്ക് ജോലി നല്‍കുന്ന മുഖ്യമന്ത്രിയെയാണ് യുവതയ്ക്ക് ആവശ്യം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജ്യത്തെ കോടീശ്വരന്മാരുടെ അടുത്തയാളാണെന്നും രാഹുല്‍ ആരോപിച്ചു.