ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് വസ്ത്രങ്ങൾ സ്വയം വലിച്ചു കീറി; തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന ആരോപണം വ്യാജം; ഒടുവിൽ സത്യം വെളിപ്പെടുത്തി 19കാരി

ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് വസ്ത്രങ്ങൾ സ്വയം വലിച്ചു കീറി; തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന ആരോപണം വ്യാജം; ഒടുവിൽ സത്യം വെളിപ്പെടുത്തി 19കാരി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഹൈദരാബാദ്: ഫാർമസി വിദ്യാർഥിനിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് പൊലീസ്. പെൺകുട്ടി മെനഞ്ഞെടുത്ത തിരക്കഥയാണ് തട്ടിക്കൊണ്ടുപോകലെന്നും വിദ്യാർഥിനി പീഡനത്തിനിരയായിട്ടില്ലെന്നും റാച്ചക്കോണ്ട പൊലീസ് കമ്മീഷണർ മഹേഷ് ഭാഗവത് മാധ്യമങ്ങളോട് വ്യക്തമാക്കി. 

ഫെബ്രുവരി പത്തിനാണ് ബിഫാം വിദ്യാർഥിനിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയെന്നും ഒന്നര മണിക്കൂറിനുള്ളിൽ വിദ്യാർഥിനിയെ രക്ഷപ്പെടുത്തിയെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ കേസിൽ വിശദമായ അന്വേഷണം നടത്തിയതോടെ പെൺകുട്ടി പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് വിദ്യാർത്ഥിനി വീടുവിട്ടിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

ഗട്ട്‌കേസറിലെ കോളജിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ 19-കാരിയെ ഓട്ടോ ഡ്രൈവറും മറ്റു മൂന്ന് പേരും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. തന്നെ തട്ടിക്കൊണ്ടുപോയതായി പെൺകുട്ടി തന്നെയാണ് വീട്ടുകാരെ വിളിച്ചറിയിച്ചത്. വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് സംഘം മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് ഒന്നരമണിക്കൂറിനുള്ളിൽ പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു. 

തലയ്ക്ക് മുറിവേറ്റ്, വസ്ത്രം കീറിയ നിലയിലാണ് ആളൊഴിഞ്ഞ സ്ഥലത്തു നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കേസിൽ പ്രതികളെ കണ്ടെത്താനായി 12 പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണവും ആരംഭിച്ചു. 

ഓട്ടോ ഡ്രൈവർമാരെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് സംഘം ആദ്യം അന്വേഷണം നടത്തിയത്. അതിനിടെ ചില ഓട്ടോ ഡ്രൈവർമാരുടെ ഫോട്ടോകൾ പൊലീസ് പെൺകുട്ടിയെ കാണിച്ചു. ഇതിൽ നിന്ന് ഒരാളെ പെൺകുട്ടി തിരിച്ചറിയുകയും ചെയ്തു. 

എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി പറഞ്ഞ കാര്യങ്ങളും സാഹചര്യത്തെളിവുകളും ഒത്തുവന്നില്ല. മാത്രമല്ല, തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ സമയം പെൺകുട്ടി നഗരത്തിലെ മറ്റൊരിടത്തുകൂടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. തുടർന്ന് പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകൽ കള്ളക്കഥയാണെന്ന് ബോധ്യപ്പെട്ടത്. 

കുടുംബ പ്രശ്‌നങ്ങൾ കാരണം വീടു വിട്ടിറങ്ങാൻ പെൺകുട്ടി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തന്നെ തട്ടിക്കൊണ്ടുപോയെന്ന് വീട്ടിൽ വിളിച്ച് പറഞ്ഞത്. എന്നാൽ സംഭവത്തിൽ പൊലീസ് ഇടപെട്ടതോടെ പെൺകുട്ടി പരിഭ്രമിച്ചു. കള്ളം പറഞ്ഞത് പുറത്തറിയുമോ എന്ന ഭയത്താൽ ആളൊഴിഞ്ഞ സ്ഥലത്തെത്തി സ്വയം വസ്ത്രങ്ങൾ കീറി. തലയിൽ മുറിവേൽപ്പിച്ചു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടതായും പെൺകുട്ടി പരാതിപ്പെടുകയായിരുന്നു. 

പൊലീസിന്റെ അന്വേഷണത്തിൽ ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയും ഒടുവിൽ പെൺകുട്ടി തന്നെ അന്വേഷണ സംഘത്തോട് സത്യം വെളിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. സംഭവ സമയത്ത് പെൺകുട്ടി മറ്റൊരിടത്തുകൂടി നടന്നു പോകുന്ന വിവിധ സിസിടിവി ദൃശ്യങ്ങളും പൊലീസ് മാധ്യമപ്രവർത്തകരെ കാണിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com