കുട്ടികളുടെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ കുത്തിവയ്പ്; 20കാരനായ അധ്യാപകന്‍ അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2021 05:53 PM |
Last Updated: 14th February 2021 05:53 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ഓര്‍മ്മശക്തി കൂട്ടാന്‍ വിദ്യാര്‍ഥികള്‍ക്ക് കുത്തിവയ്പ്പ് എടുത്ത ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. കിഴക്കന്‍ ഡല്‍ഹിയിലെ മണ്ഡവാലിയില്‍ 6 മുതല്‍ 9 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ട്യൂഷന്‍ എടുത്തിരുന്ന 20 കാരന്‍ സന്ദീപ് അധ്യാപകനാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ട്യൂഷന്‍ കഴിഞ്ഞു വിദ്യാര്‍ഥിയെ വിളിക്കാനായി എത്തിയപ്പോഴാണ് സന്ദീപ് തന്റെ മകള്‍ക്ക് കുത്തിവെയ്പ്പ് എടുക്കുന്നത് രക്ഷിതാവ് കണ്ടത്. ഇതേത്തുടര്‍ന്നാണ് രക്ഷിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ട്യൂഷന്‍ എത്തിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും സന്ദീപ് കുത്തിവെയ്പ്പ് എടുത്തതായി വ്യക്തമായത്. എന്‍എസ് സൊല്യൂഷന്‍സ് എന്ന ഇഞ്ചക്ഷനാണ് കുട്ടികള്‍ക്ക് എടുത്തതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ഐപിസി സെക്ഷന്‍ 336 വകുപ്പ് പ്രകാരമാണ് സന്ദീപിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ചില വിദ്യാര്‍ഥികളെ ആശുപത്രിയില്‍ ചികിത്സയിലാണ്. സന്ദീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ പരിശോധനയില്‍ സിറിഞ്ചുകള്‍ മരുന്നുകളും പൊലീസ് പിടിച്ചെടുത്തു. കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ട്യൂഷന്‍ എടുത്തു നല്‍കാമെന്ന് വാഗ്ദാനം ചെയ്തു സന്ദീപ് രംഗത്തെത്തിയതോടെയാണ് വിദ്യാര്‍ഥികളെ അയച്ചു തുടങ്ങിയതെന്ന് രക്ഷിതാക്കള്‍ പറയുന്നു. തങ്ങളോട് നല്ല രീതിയില്‍ ഇടപെടുന്നതിനാല്‍ ഇയാളെ കുറിച്ച് മറ്റ് സംശയങ്ങളൊന്നും തോന്നിയിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. സംഭവത്തില്‍ സന്ദീപ് അറസ്റ്റിലായതോടെ കൂടുതല്‍ രക്ഷിതാക്കള്‍ പരാതിയുമായി എത്തിയിട്ടുണ്ട്.