ഇനി നീട്ടി നൽകില്ല; തിങ്കളാഴ്ച അർധ രാത്രി മുതൽ ഫാസ്ടാഗ് നിർബന്ധം; ഇല്ലെങ്കിൽ ഇരട്ടി നിരക്കിന് തുല്യമായ പിഴ
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2021 08:05 PM |
Last Updated: 14th February 2021 08:05 PM | A+A A- |
ചിത്രം/ ട്വിറ്റർ
ന്യൂഡൽഹി: തിങ്കളാഴ്ച അർധ രാത്രി മുതൽ ഓട്ടോമാറ്റിക് ടോൾ പ്ലാസ പേയ്മെന്റ് സംവിധാനമായ ഫാസ്ടാഗ് നിർബന്ധമാകും. ഇനി നീട്ടി നൽകില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ജനുവരി ഒന്നു മുതൽ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ നേരത്തെയുള്ള ഉത്തരവ്. പിന്നീടത് ഫെബ്രുവരി 15-ലേക്ക് നീട്ടുകയായിരുന്നു.
വാഹനങ്ങളിൽ ഫാസ്ടാഗ് ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിലും പ്രവർത്തിക്കാത്ത ഫാസ്ടാഗാണെങ്കിലും പിഴ നൽകേണ്ടി വരും. ഇരട്ടി നിരക്കിന് തുല്യമായ പിഴയായിരിക്കും ചുമത്തുകയെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
ദേശീയ പാതകളിലെ എല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് സംവിധാനമുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഡിജിറ്റൽ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനും കാത്തിരിപ്പ് സമയവും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും ടോൾ പ്ലാസകളിലൂടെ തടസമില്ലാതെ കടന്നു പോകുന്നതിനും ഫാസ്ടാഗിലേക്കുള്ള മാറ്റം സഹായിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.