കോവിഡ് വാക്‌സിന്‍ എന്ന് പറഞ്ഞ് കുത്തിവച്ചു, നിമിഷങ്ങള്‍ക്കുള്ളില്‍ ബോധം പോയി; വൃദ്ധദമ്പതികളെ കബളിപ്പിച്ച് യുവതി സ്വര്‍ണവുമായി മുങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 10:10 AM |
Last Updated: 15th February 2021 10:53 AM | A+A A- |

പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: കോവിഡ് വാക്‌സിന്‍ നല്‍കാനെന്ന വ്യാജേന വൃദ്ധ ദമ്പതികളെ കബളിപ്പിച്ച് യുവതി സ്വര്‍ണം തട്ടിയെടുത്തു. 80 വയസുള്ള കുന്ദള ലക്ഷ്മണിനെയും ഭാര്യ കസ്തൂരിയും(70) ആണ് തട്ടിപ്പിനിരകളായത്. മുന്‍ പരിചയം മുതലെടുത്ത് അനൂഷ എന്ന യുവതിയാണ് ഇരുവരെയും വലയിലാക്കിയത്.
വൃദ്ധ ദമ്പതികളുടെ വീട്ടില്‍ മുമ്പ് അനുഷ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. വീട് മാറി പോയെങ്കിലും ഇരുവരുമായുള്ള പരിചയം യുവതി തുടര്‍ന്നിരുന്നു. നേഴ്‌സ് ആയതിനാല്‍ അനുഷയ്ക്കും ഞങ്ങള്‍ക്കുമുള്ള വാക്‌സിന്‍ സൗജന്യമായി കുട്ടുമെന്ന് യുവതി തങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചെന്ന് കസ്തൂരി പറഞ്ഞു. ശനിയാഴ്ച വൈകിട്ട് വീട്ടിലെത്തി അനൂഷ ഇരുവര്‍ക്കും കോവിഡ് വാക്‌സിന്‍ ആണെന്ന് പറഞ്ഞ് കുത്തിവയ്പ്പ് നല്‍കുകയായിരുന്നു. മരുത്ത് കുത്തിവച്ചയുടന്‍ ഇരുവരും അബോധാവസ്ഥയിലായി. ഇങ്ങനെ സംഭവിക്കുമെന്നും ഭയപ്പെടേണ്ടതില്ലെന്നും അനുഷ ഇവരോട് നേരത്തെ പറഞ്ഞിരുന്നു.
മണിക്കൂറുകള്‍ക്ക് ശേഷം ബോധം തെളിഞ്ഞപ്പോഴാണ് വീട് കൊള്ളയടിക്കപ്പെട്ടു എന്ന് ബോധ്യമായത്. ഉടന്‍തന്നെ ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. പരിശോധനയില്‍ മയങ്ങാനുള്ള മരുന്നാണ് അനുഷ കുത്തിവച്ചതെന്ന് മനസ്സിലായി. നൂറ് ഗ്രാമോളം സ്വര്‍ണവുമായാണ് അനുഷ കടന്നതെന്ന് പൊലീസ് പറഞ്ഞു. യുവതിക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.