ഡിജിറ്റല്‍ തട്ടിപ്പ് തടയാന്‍ നടപടി; പുതിയ ഇന്റലിജന്‍സ് യൂണിറ്റുമായി കേന്ദ്രസര്‍ക്കാര്‍

സാമ്പത്തിക തട്ടിപ്പുകളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: നിയമവിരുദ്ധ വായ്പ ആപ്പുകളുടെ വലയില്‍ വീണ് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവരുടെ നിരവധി കഥകളാണ് ഓരോ ദിവസം കഴിയുന്തോറും പുറത്തുവരുന്നത്. കൂടാതെ ടെലിമാര്‍ക്കറ്റിങ്ങിന്റെ ഭാഗമായുള്ള നിരന്തരം ഫോണ്‍വിളികളും ജനങ്ങള്‍ക്ക് ശല്യമാകുന്നുണ്ട്. ഇവര്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക തട്ടിപ്പുകളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകള്‍ തടയുന്നതിന് ഡിജിറ്റല്‍ ഇന്റലിജന്‍സ് യൂണിറ്റിന് രൂപം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വ്യാജ വായ്പ ആപ്പുകള്‍ക്കെതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്. നിരവധിപ്പേരാണ് ഈ വലയില്‍ കുടുങ്ങിയത്. ഇത്തരം തട്ടിപ്പ് സംഘങ്ങളെ കുടുക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടി. നേരത്തെ ഫോണിലൂടെ വിളിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ശല്യം കുറയ്ക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത് ഫലപ്രദമായില്ല. തൊഴിലില്ലാത്ത ചെറുപ്പക്കാരെ ജോലിക്കെടുത്താണ് ഇത്തരം ടെലിമാര്‍ക്കറ്റിംഗ് ജോലികള്‍ ചെയ്യുന്നത്. ടെലിമാര്‍ക്കറ്റിംഗ് ജീവനക്കാരുടെ നിരന്തരമായുള്ള ഫോണ്‍ വിളി ശല്യമാകുന്നതായും നിരവധി പരാതികളുണ്ട്. ഇത്തരം കാര്യങ്ങളിലും നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്നത്.

ടെലിമാര്‍ക്കറ്റിംഗ് സ്ഥാപനങ്ങളും വായ്പ ആപ്പുകളും തമ്മില്‍ അവിശുദ്ധ ബന്ധമുള്ളതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ചാണ് മുഖ്യമായി ഡിജിറ്റല്‍ ഇന്റലിജന്‍സ് യൂണിറ്റ് അന്വേഷിക്കുക. കോള്‍ സെന്ററുകളുടെ സഹായത്തോടെയാണ് ഇത്തരത്തിലുള്ള നിയമവിരുദ്ധ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വായ്പ തിരിച്ചടവിന് കളക്ഷന്‍ ഏജന്റുമാര്‍ എന്ന നിലയിലാണ് കോള്‍ സെന്ററുകളെ ഉപയോഗിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതെല്ലാം പരിശോധിക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.

നിലവില്‍ വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോരുന്നത് വര്‍ധിക്കുകയാണ്. ഇത് ഉപയോഗിച്ച് ടെലിമാര്‍ക്കറ്റിംഗ് കമ്പനികള്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നുണ്ട്. ഇത് അറിയാതെ നിരവധിപ്പേരാണ് ഇതില്‍ വന്നുവീഴുന്നത്. അതിനാല്‍ ടെലികോം, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ ചോരുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പിഴ ചുമത്തിയും ടെലികോം വിവരങ്ങള്‍ ചോരുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചും ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയാനാണ് സര്‍ക്കാര്‍ നോക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com