നിയമത്തിന് 22കാരി, 50കാരി എന്നൊന്നുമില്ല; ദിശ രവിയെ അറസ്റ്റ് ചെയ്തതില്‍ പൊലീസ് കമ്മിഷണര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2021 01:59 PM  |  

Last Updated: 16th February 2021 01:59 PM  |   A+A-   |  

disha ravi

ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവി/ട്വിറ്റര്‍

 

ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ അറസ്റ്റ് ചെയ്തത് നിയമപ്രകാരമെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എസ്എന്‍ ശ്രീവാസ്തവ. നിയമത്തിന് ഇരുപത്തിരണ്ടുകാരിയെന്നോ അന്‍പതുകാരിയെന്നോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. 

ഇരുപത്തിരണ്ടുകാരിയെ അറസ്റ്റ് ചെയ്തതില്‍ പൊലീസിനു വീഴ്ച പറ്റിയെന്നൊക്കെ ആളുകള്‍ പറയുന്നതില്‍ ഒരു കാര്യവുമില്ല. നിയമത്തില്‍ അങ്ങനെ പ്രായത്തിന് അനുസരിച്ച് വ്യത്യാസമൊന്നുമില്ല. ഇരുപത്തിരണ്ടുകാരിയെന്നോ അന്‍പതുകാരിയെന്നോ ഇല്ല. 

ദിശ രവിയെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്. കേസ് അന്വേഷണ ഘട്ടത്തിലാണെന്നും പൊലീസ് കമ്മിഷണര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ്, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂണ്‍ബര്‍ഗ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ടൂള്‍ കിറ്റിന്റെ പേരില്‍ ദിശയെ ബംഗളൂരുവിലെ വീട്ടില്‍നിന്ന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

ദിശയുടെ അറസ്റ്റിനു പിന്നാലെ മുംബൈയിലെ അഭിഭാഷകയായ നികിത ജേക്കബ്, പൂനെയിലെ എന്‍ജിനിയര്‍ ശന്തനു എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.