വീടു വെയ്ക്കാന്‍ സ്വരുക്കൂട്ടിയ പണം ഇരുമ്പുപെട്ടിയില്‍ സൂക്ഷിച്ചു; ബിസിനസുകാരന്റെ ലക്ഷങ്ങള്‍ ചിതലരിച്ച് നശിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2021 03:04 PM  |  

Last Updated: 17th February 2021 03:04 PM  |   A+A-   |  

termites finish off Rs 5 lakh

പ്രതീകാത്മക ചിത്രം

 

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ബിസിനസുകാരന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച ലക്ഷങ്ങള്‍ ചിതലരിച്ച് നശിച്ച നിലയില്‍. ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പകരം ഇരുമ്പുപെട്ടിയില്‍ സൂക്ഷിച്ച ആന്ധ്രാപ്രദേശ് സ്വദേശിയുടെ പണമാണ് ചിതലിന്റെ ആക്രമണത്തില്‍ നശിച്ചത്.

കൃഷ്ണ ജില്ലയിലാണ് സംഭവം. 500ന്റെയും 200ന്റെയും നോട്ടുകെട്ടുകളാണ് ചിതല്‍ തിന്നത്.  മാസങ്ങള്‍ കൊണ്ടാണ് നോട്ടുകള്‍ക്ക് നാശം സംഭവിച്ചിരിക്കുന്നത്. ബിജിലി ജമാലയ്യയ്ക്കാണ് അഞ്ചുലക്ഷം രൂപ നഷ്ടമായത്.

പന്നിവളര്‍ത്തല്‍ ബിസിനസാണ് ജമാലയ്യ നടത്തി വരുന്നത്. ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പകരം പതിവായി പണം ഇരുമ്പുപെട്ടിയിലാണ് സൂക്ഷിക്കാറ്. വീട് വെയ്ക്കാന്‍ സ്വരുക്കൂട്ടി വെച്ചിരുന്ന പണമാണ് നഷ്ടമായത്.

ചിതലരിച്ച പണം ബിസിനസുകാരന്‍ പ്രദേശത്തെ കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്തു. കൈ നിറയെ പണവുമായി കുട്ടികള്‍  റോന്തുചുറ്റി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം അറിഞ്ഞത്.