പാലു കുടിക്കുന്നതിനിടെ അനക്കമില്ലാതായെന്ന് അമ്മ ; ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ; അമ്മൂമ്മ അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th February 2021 01:18 PM |
Last Updated: 20th February 2021 01:18 PM | A+A A- |

പ്രതീകാത്മക ചിത്രം
മധുര : ഏഴു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി. സംഭവത്തില്‍ കുട്ടിയുടെ അമ്മൂമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ പരൈപ്പെട്ടി ഗ്രാമത്തിലാണ് സംഭവം. കുട്ടികളുടെ മാതാപിതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.
ശിവപ്രിയ- ചിന്നസ്വാമി ദമ്പതികളുടെ മൂന്നാമത്തെ മകളാണ് കൊല്ലപ്പെട്ടത്. കുട്ടി പാലു കുടിച്ച ശേഷം പിന്നെ അനക്കമുണ്ടായില്ലെന്ന് ശിവപ്രിയ പറഞ്ഞു. വിവരം ഭര്‍ത്താവിനെ അറിയിക്കുകയും രാത്രിയോടെ ഉസലാംപെട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്നും യുവതി പറഞ്ഞു.
തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഇതിനിടെ കുട്ടിയുടെ മുഖത്ത് ചില പാടുകള്‍ കണ്ട് സംശയം തോന്നിയ പൊലീസ് കൂടുതല്‍ പരിശോധനകള്‍ നടത്തി. പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടി ശ്വാസം മുട്ടി മരിച്ചതാണെന്നും കണ്ടെത്തി.
തുടര്‍ന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് അമ്മൂമ്മ പൊലീസിനോട് സമ്മതിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവപ്രിയ-ചിന്നസ്വാമി ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്. ഏഴു വയസ്സുള്ള മൂത്ത കുട്ടി പോളിയോ ബാധിച്ചതാണ്. രണ്ടാമത്തെ കുട്ടിക്ക് രണ്ടു വയസ്സാണുള്ളത്. മൂന്നാമതും പെണ്‍കുഞ്ഞ് പിറന്നതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു.