ഭീമാ കോറെഗാവ് കേസ്: വരവര റാവുവിന് ജാമ്യം

ഭീമാ കോറെഗാവ് കേസ്: വരവര റാവുവിന് ജാമ്യം
വരവര റാവു/ഫയല്‍
വരവര റാവു/ഫയല്‍

മുംബൈ: ഭീമാ കോറെഗാവ് കേസില്‍ അറസ്റ്റിലായ കവി വരവര റാവുവിന് ആറു മാസത്തെ ഇടക്കാല ജാമ്യം. ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.

ഭീമാ കോറെഗാവ് കേസില്‍ എന്‍ഐഎ അറസ്റ്റു ചെയ്ത, എണ്‍പത്തിരണ്ടുകാരനായ വരവര റാവു ഇപ്പോള്‍ മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. 2018 ഓഗസ്റ്റ് 28നാണ് വരവര റാവുവിനെ അറസ്റ്റ് ചെയ്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ തുടങ്ങിയിട്ടില്ല.

റാവുവിനു ജാമ്യം നല്‍കുകയാണെന്നും ആരോഗ്യ സ്ഥിതി അനുസരിച്ച് അദ്ദേഹത്തിന് ആശുപത്രി വിടാമെന്നും ജസ്റ്റിസുമാരായ എസ്എസ് ഷിന്‍ഡെ, മനീഷ് പിടോള്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന വരവര റാവുവിന് ജാമ്യം അനുവദിക്കുന്നില്ലെങ്കില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ചുമതലയില്‍നിന്നു കോടതി മാറിനില്‍ക്കുന്നതു പോലെയാവുമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ആരോഗ്യത്തോടെ ജീവിക്കാനുള്ള, പൗരന്റെ മൗലിക അവകാശത്തിന്റെ ലംഘനമാവും അതെന്നു കോടതി പറഞ്ഞു.

ജാമ്യ കാലയളവില്‍ മുംബൈ എന്‍ഐഎ കോടതിയുടെ പരിധി വിട്ടുപോവരുതെന്ന് കോടതി നിര്‍ദേശിച്ചു. പാസ്‌പോര്‍ട്ട് കോടതിയില്‍ നല്‍കണം. കേസിലെ കൂട്ടുപ്രതികളുമായി ഒരുതരത്തിലും ബന്ധം അരുതെന്നും ജാമ്യ വ്യവസ്ഥയില്‍ കോടതി പറഞ്ഞു. ജാമ്യത്തുകയായി 50,000 രൂപ കെട്ടിവയ്ക്കണം. തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും വേണമെന്ന് കോടതി ഉത്തരവിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com