ലിഫ്റ്റ് പൊട്ടി പത്തടി താഴ്ചയിലേക്ക്, കമല്‍നാഥ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; ഹനുമാന്‍ രക്ഷിച്ചെന്ന് കോണ്‍ഗ്രസ് നേതാവ്, അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2021 01:35 PM  |  

Last Updated: 22nd February 2021 01:35 PM  |   A+A-   |  

LIFT BREAK

ഫയല്‍ ചിത്രം

 

ഭോപ്പാല്‍: മധ്യപ്രദേശില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായ കമല്‍നാഥ് ലിഫ്റ്റ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റ് പൊട്ടി പത്തടി താഴ്ചയിലേക്ക് വീണാണ് അപകടം ഉണ്ടായത്. ലിഫ്റ്റില്‍ കമല്‍നാഥ് ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കളുണ്ടായിരുന്നു.

ഞായറാഴ്ചയാണ് സംഭവം. കമല്‍നാഥ് ഉള്‍പ്പെടെ ആര്‍ക്കും പരിക്കില്ല. ഓവര്‍ലോഡ് കാരണമാണ് അപകടം ഉണ്ടായതെന്ന് ഡിഎന്‍എസ് ആശുപത്രി ഡയറക്ടര്‍ അറിയിച്ചു. ലിഫ്റ്റ് പൊട്ടി പത്തടി താഴ്ചയിലുള്ള താഴത്തെ നിലയിലാണ് വീണത്.ലിഫ്റ്റ് പൊട്ടി താഴെ വീഴുമ്പോള്‍ എലിവേറ്ററില്‍ നിരവധിപ്പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എലിവേറ്ററിന്റെ ഡോറുകള്‍ ഞെരിഞ്ഞമര്‍ന്നിട്ടുണ്ട്.

ഹനുമാന്റെ അനുഗ്രഹം കൊണ്ട് സുരക്ഷിതനാണെന്ന് കമല്‍നാഥ് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ കമല്‍നാഥിന്റെ ആരോഗ്യനില ഫോണ്‍ വിളിച്ച് ചോദിച്ചറിഞ്ഞു. ഇന്‍ഡോര്‍ കലക്ടറോട് അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ശിവരാജ്‌സിങ് ചൗഹാന്‍ ഉത്തരവിട്ടു. സുഖമില്ലാതെ കിടക്കുന്ന പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകനെ കാണാനാണ് കമല്‍നാഥ് ആശുപത്രിയില്‍ എത്തിയത്.