തലയോട്ടി തുറന്ന് അപൂര്‍വ്വ ശസ്ത്രക്രിയ; രണ്ടരമണിക്കൂര്‍ ഡോക്ടറോട് സംസാരിച്ചിരുന്നു രോഗി, വിജയകരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2021 12:40 PM |
Last Updated: 23rd February 2021 12:40 PM | A+A A- |

ഫയല്‍ ചിത്രം
അഹമ്മദാബാദ്: ഗുജറാത്തില്‍ തലയോട്ടി തുറന്ന് സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തുന്നതിനിടെ, രണ്ടരമണിക്കൂര്‍ ഉണര്‍ന്നിരുന്ന് രോഗി. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് 41കാരന്‍ പ്രതികരിച്ചു.
രോഗി ഉണര്‍ന്നിരിക്കുമ്പോള്‍ തന്നെ നടത്തുന്ന അത്യാധുനിക ശസ്ത്രക്രിയയ്ക്കാണ് പെറ്റ്‌ലാഡ് സ്വദേശിയായ ഉഡൈസിങ് വാസവ വിധേയനായത്. കഴിഞ്ഞ എട്ടുമാസമായി അനുഭവപ്പെടുന്ന കടുത്ത തലവേദനയെ തുടര്‍ന്നാണ് 41കാരന്‍ ചികിത്സ തേടി ആനന്ദിലെ ചൗരസാത്ത് ആശുപത്രിയില്‍ എത്തിയത്. തലച്ചോറില്‍ രക്തസ്രാവമാണ് എന്ന് കണ്ടെത്തി. തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്.
സാധാരണനിലയില്‍ അനസ്‌തേഷ്യ നല്‍കിയാണ് തലയ്ക്ക് ശസ്ത്രക്രിയ നടത്താറ്. എന്നാല്‍ ഈ അത്യാധുനിക ശസ്ത്രക്രിയയില്‍ രോഗിയുടെ പ്രതികരണം അറിഞ്ഞ് മുന്നോട്ടുപോകുന്ന നിലയിലാണ് ക്രമീകരണം. രോഗി ഉണര്‍ന്നിരിക്കുന്നത് കൊണ്ട് ശസ്ത്രക്രിയ ഫലപ്രദമാണോ എന്ന് എളുപ്പം തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതനുസരിച്ച് വേഗത്തില്‍ ചികിത്സ നല്‍കാന്‍ സാധിക്കും എന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത. ശരീരത്തിന്റെ മുകള്‍ഭാഗത്തെ ചലനങ്ങള്‍ മനസിലാക്കിയാണ് ശസ്ത്രക്രിയ. ഇതുവഴി രോഗിക്ക് മറ്റു സങ്കീര്‍ണതകള്‍ ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നും ഉഡൈസിങ് വാസവയെ ഡിസ്ചാര്‍ജ് ചെയ്ത് വിട്ടതായും ഡോക്ടര്‍മാര്‍ അറിയിച്ചു.