'രാജ്യത്തെ വോട്ടർമാരെ ബഹുമാനിക്കണം'; രാഹുലിന്റെ പ്രസംഗത്തിനെതിരെ കപിൽ സിബൽ
By സമകാലിക മലയാളം ഡെസ്ക് | Published: 24th February 2021 10:04 PM |
Last Updated: 24th February 2021 10:05 PM | A+A A- |

കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍
ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. പതിനഞ്ചു വർഷം ഉത്തരേന്ത്യയിൽ എംപിയായിരുന്ന തനിക്ക് കേരളത്തിലെ എംപിയായതു പുത്തൻ അനുഭവമായെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെയാണ് സിബല്‍ രംഗത്തെത്തിയത്.
രാഹുൽ ഗാന്ധി പറഞ്ഞതിൽ പ്രതികരിക്കാനില്ല. അദ്ദേഹം ഏതു സന്ദർഭത്തിലാണ് അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അദ്ദേഹം തന്നെ വിശദീകരിക്കും. എന്നാൽ നമ്മൾ രാജ്യത്തെ വോട്ടർമാരെ ബഹുമാനിക്കണം, അവരുടെ വിവേകത്തെ അപമാനിക്കരുത്. ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്നും എന്തുകൊണ്ടാണെന്നും അവർക്ക് അറിയാം സിബൽ പറഞ്ഞു.
എന്നാൽ കോൺഗ്രസ് വിഭജിച്ച് ഭരിക്കാൻ ശ്രമിക്കുകയാണെന്ന ബി.ജെ.പി വിമർശനം ചിരിച്ചുതള്ളുന്നതായി കപിൽ സിബൽ പ്രതികരിച്ചു. കേരളത്തിലെ ജനങ്ങൾ അറിവുള്ളവരും പ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കാൻ താത്പര്യം ഉള്ളവരുമാണെന്ന രാഹുലിന്റെ പരാമർശത്തിലൂടെ ഉത്തരേന്ത്യക്കാരെ രാഹുൽ അപമാനിച്ചെന്നു കുറ്റപ്പെടുത്തി ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും അടക്കമുള്ളവർ രംഗത്തെത്തി