നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാം; ലണ്ടന്‍ കോടതിയുടെ ഉത്തരവ്; വാക്ക് പാലിച്ചെന്ന് ബിജെപി

മോദിയെ കൈമാറാനുള്ള ഇന്ത്യയുടെ അപേക്ഷ ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു. 
നീരവ് മോദി/ ഫയല്‍ ചിത്രം
നീരവ് മോദി/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14000 കോടിയുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയെ ബ്രിട്ടന്‍ ഇന്ത്യയ്ക്ക് കൈമാറും. മോദിയെ കൈമാറാനുള്ള ഇന്ത്യയുടെ അപേക്ഷ ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു. 

നീരവ് മോദിക്കെതിരെ ഇന്ത്യയിലുള്ള കേസ് ശക്തമാണെന്ന് ബോധ്യപ്പെട്ടതായി കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെത്തിയാല്‍ നീതി നിഷേധിക്കപ്പെടുമെന്ന മോദിയുടെ വാദം സ്ഥാപിക്കാനായിട്ടില്ലെന്നും കോടതി പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്‍കിയ ഉറപ്പ് വിശ്വസനീനയമാണെന്ന കോടതി വിധിയില്‍ പറയുന്നു. 

2019 മാര്‍ച്ചിലാണ് നീരവ് മോദി ലണ്ടനില്‍ വച്ച് അറസ്റ്റിലായത്. ഇന്ത്യന്‍ ജയില്‍ സാഹചര്യങ്ങളില്‍ തന്റെ മാനസികാരോഗ്യം വഷളാകുമെന്നടക്കമുള്ള നീരവ് മോദിയുടെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. 'നീരവ് മോദിയെ ഇന്ത്യയിലേക്ക് കൈമാറുന്നത് മനുഷ്യാവകാശത്തിന് അനുസൃതമാണെന്നതില്‍ സംതൃപ്തനാണ്' ജില്ലാ ജഡ്ജി സാമുവല്‍ ഗൂസെ പറഞ്ഞു. ഉത്തരവില്‍ അപ്പീല്‍ പോകാന്‍ നീരവിന് അവകാശമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

നീരവ് സൗത്ത് വെസ്റ്റ് ലണ്ടനിലെ വാന്‍ഡ്‌സ്വര്‍ത്ത് ജയിലിലാണിപ്പോള്‍. 

കുറ്റവാളികളെ നാട്ടിലെത്തിക്കുമെന്ന ജനങ്ങള്‍ നല്‍കിയ വാക്ക് പാലിച്ചെന്ന് കോടതി ഉത്തരവിന് പിന്നാലെ ബിജെപി നേതൃത്വം പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com