കൂടുതൽ ജോലിഭാരം, കുറഞ്ഞ കൂലി; ലോകരാജ്യങ്ങളിൽ ഇന്ത്യ അഞ്ചാമതെന്ന് റിപ്പോർട്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2021 10:28 AM  |  

Last Updated: 26th February 2021 10:28 AM  |   A+A-   |  

work

ഫയല്‍ ചിത്രം

 

ന്യൂഡൽഹി: ഇന്ത്യക്കാരാണ് ഏഷ്യ-പസഫിക് മേഖലയിൽ കൂടുതൽ ജോലിഭാരമുള്ളവരെന്ന് വെളിപ്പെടുത്തൽ. കോവിഡ് കാലയളവിൽ ലോകരാജ്യങ്ങളിലെ തൊഴിൽസ്ഥിതി താരതമ്യംചെയ്തു അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ഐഎൽഒ) റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഏറ്റവും കൂടുതൽ തൊഴിൽ സമയമുള്ള ലോകരാജ്യങ്ങളിൽ അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയ്ക്ക് മുന്നിലായി ഗാംബിയ, മംഗോളിയ, മാലദ്വീപ്, ഖത്തർ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. 

രാജ്യത്തെ നഗരമേഖലകളിൽ സ്വയം തൊഴിലുള്ള പുരുഷന്മാർ ആഴ്ചയിൽ 55 മണിക്കൂറും സ്ത്രീകൾ 39 മണിക്കൂറും ജോലിയെടുക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ശമ്പളക്കാരായ സ്ഥിരംതൊഴിലുള്ള പുരുഷന്മാർക്ക് ആഴ്ചയിൽ 53 മണിക്കൂറും സ്ത്രീകൾ 46 മണിക്കൂറുമാണ് ജോലി. താത്‌കാലിക ജോലിക്കാരായ പുരുഷന്മാർക്ക് 45 മണിക്കൂറും സ്ത്രീകൾക്ക് 38 മണിക്കൂറും തൊഴിലെടുക്കേണ്ടി വരുന്നതായി ഐഎൽഒ റിപ്പോർട്ടിൽ പറയുന്നു. 

ഗ്രാമീണ മേഖലയിൽ സ്വയം തൊഴിലുള്ള പുരുഷന്മാർക്ക് ആഴ്ചയിൽ 48 മണിക്കൂറാണ് ജോലിയെടുക്കേണ്ടത്. സ്ത്രീകൾക്ക് ഇത് 37 മണിക്കൂറാണ്. സ്ഥിരം വരുമാനക്കാരായ പുരുഷന്മാർക്ക് ആഴ്ചയിൽ 52 മണിക്കൂറും സ്ത്രീകൾക്ക് 44 മണിക്കൂറാണ് ജോലി. താത്‌കാലിക ജീവനക്കാരായ പുരുഷന്മാർ ആഴ്ചയിൽ 45 മണിക്കൂറാണ് തൊഴിലെടുക്കുന്നത്. ഈ വിഭാ​ഗത്തിലെ സ്ത്രീകൾ 39 മണിക്കൂറും ജോലിയെടുക്കുന്നു.
 

ഇന്ത്യയിൽ ആളുകൾ കൂടുതൽ സമയം ജോലിയെടുക്കുന്നുണ്ടെങ്കിലും അതനുസരിച്ചുള്ള കൂലി ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്. അനുവദിക്കപ്പെട്ടതിന്റെ പത്തിലൊന്നു മാത്രമേ രാജ്യത്ത് വിശ്രമസമയമുള്ളൂ. വിശ്രമവേള താരതമ്യം ചെയ്യുമ്പോൾ പുരുഷന്മാരെക്കാൾ കുറവാണ് സ്ത്രീകൾക്കു വിശ്രമവേള. സ്വയം തൊഴിലുകാരും ശമ്പളക്കാരും ആഴ്ചയിൽ ആറ് ദിവസവും ജോലിയെടുക്കേണ്ടി വരുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. മിനിമം വേതന വ്യവസ്ഥ ഇന്ത്യയിൽ സങ്കീർണമാണെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.