ബംഗാളില്‍ എട്ടുഘട്ടം; ആദ്യഘട്ടം മാര്‍ച്ച് 27ന്; എതിര്‍പ്പുമായി മമത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2021 07:37 PM  |  

Last Updated: 26th February 2021 07:37 PM  |   A+A-   |  

mamatha

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

 

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ എട്ടുഘട്ടമായി തെരഞ്ഞെടുപ്പെന്ന് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍. ആദ്യ ഘട്ടം  മാര്‍ച്ച് 27, രണ്ടാം ഘട്ടം  ഏപ്രില്‍ ഒന്ന്, മൂന്നാം ഘട്ടം  ഏപ്രില്‍ ആറ്, നാലാം ഘട്ടം  ഏപ്രില്‍ 10, അഞ്ചാം ഘട്ടം  ഏപ്രില്‍ 17, ആറാം ഘട്ടം  ഏപ്രില്‍ 22, ഏഴാം ഘട്ടം  ഏപ്രില്‍ 26 എട്ടാം ഘട്ടം  ഏപ്രില്‍ 29 എന്നിങ്ങനെയാണ് വോട്ടെടുപ്പ്. അഞ്ചിടങ്ങളിലേക്കുമുള്ള വേട്ടെണ്ണെല്‍ മേയ് രണ്ടിന് നടക്കും. 

അതേസമയം എട്ടുഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി  രംഗത്തെത്തി. ബിജെപിയുടെ താത്പര്യപ്രകാരമാണ് എട്ടുഘട്ടമാക്കിയതെന്നും കേന്ദ്രസര്‍ക്കാര്‍ അധികാരദുര്‍വിനിയോഗം നടത്തിയതായും മമത പറഞ്ഞു. 

കേരളം, തമിഴ്‌നാട്, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിയിലേക്കുമുള്ള തെരഞ്ഞെടുപ്പ് തീയതിയാണ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്.  മാര്‍ച്ച് 12ന് വിജ്ഞാപനം. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 20നാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22ന്. മലപ്പുറത്തെ ലോക്‌സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് നടക്കും.

അസമില്‍ മൂന്ന് ഘട്ടങ്ങളായി വോട്ടെടുപ്പ്. ആദ്യ ഘട്ടം മാര്‍ച്ച് 27, രണ്ടാം ഘട്ടം ഏപ്രില്‍ 1, മൂന്നാം ഘട്ടം  ഏപ്രില്‍ 6. തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. രണ്ടിടങ്ങളിലേക്കും വോട്ടെടുപ്പ് ഏപ്രില്‍ 6ന് നടക്കും. 

പരീക്ഷാ തീയതികളും ഉത്സവങ്ങളും പരിഗണിച്ചാണ് വോട്ടെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തെരഞ്ഞെടുപ്പു നടത്താന്‍ പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടും. കേരളത്തില്‍ 40,711 പോളിങ് സ്റ്റേഷനുകളാണ് ഉണ്ടാവുക. അഞ്ചു സംസ്ഥാനങ്ങളിലായി 18.86 കോടി വോട്ടര്‍മാരാണുള്ളത്. അകെ 2.7 ലക്ഷം പോളിങ് സ്റ്റേഷനുകള്‍. 

എണ്‍പതു വയസ്സിനു മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ടിന് അവസരമുണ്ടാവും. അംഗപരിമിതര്‍ക്കും തപാല്‍ വോട്ടു ചെയ്യാം. വോട്ടെടുപ്പ് ഒരു മണിക്കൂര്‍ വരെ നീട്ടിനല്‍കും. 

വീടു കയറിയുള്ള പ്രചാരണത്തിന് അഞ്ചു പേരുള്ള സംഘങ്ങള്‍ മ്രോത പാടുള്ളൂ. നാമനിര്‍ദേശ പത്രിക നല്‍കാന്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരെ മാത്രം അനുവദിക്കും. ഓണ്‍ലൈന്‍ ആയും പത്രിക നല്‍കാന്‍ അവസരമുണ്ടാവും.

അസമില്‍ മെയ് 31ന് ആണ് നിയമസഭയുടെ കാലാവധി അവസാനിക്കുക. തമിഴ്നാട്ടില്‍ മെയ് 24നും പശ്ചിമ ബംഗാളില്‍ മെയ് 30നും കേരളത്തില്‍ ജൂണ്‍ ഒന്നിനും നിയമസഭാ കാലാവധി അവസാനിക്കും. പുതുച്ചേരിയില്‍ നിലവില്‍ രാഷ്ട്രപതി ഭരണമാണ്. അഞ്ചു സസ്ഥാനങ്ങളിലായി 824 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 

ആരോഗ്യരംഗത്തെ പ്രതിസന്ധി തുടരുകയാണെന്നും ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാവും തെരഞ്ഞെടുപ്പു നടത്തുകയെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ലോകത്തെല്ലായിടത്തും ജനാധിപത്യ പ്രക്രിയ വെല്ലുവിളി നേരിട്ട സമയത്ത് വിജയകരമായി ബിഹാര്‍ തെരഞ്ഞെടുപ്പു നടത്താന്‍ നമുക്കായി. ഈ അനുഭവം മാതൃകയായി മുന്നോട്ടുപോവുമെന്ന് സുനില്‍ അറോറ പറഞ്ഞു.