'രാഹുൽ ഭയ്യാ നിങ്ങളന്ന് അവധിയായിരുന്നു'; ഫിഷറിസ് വകുപ്പുണ്ട്; പരിഹസിച്ച് അമിത് ഷാ

മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക വകുപ്പിന് നരേന്ദ്രമോദി നേരത്തേ രൂപം നല്‍കിയിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

പുതുച്ചേരി: ഫിഷറീസിനു പ്രത്യേക മന്ത്രാലയം വേണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പരിഹസിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേരത്തെതന്നെ അതുണ്ടെന്നും അവധി ആയിരുന്നതിനാലാണു രാഹുൽ അതേപ്പറ്റി അറിയാതിരുന്നതെന്നും അമിത് ഷാ പരിഹസിച്ചു. പുതുച്ചേരിയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെവെച്ച് എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഒരു പ്രത്യേക വകുപ്പ് നിര്‍മിക്കാതിരുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക വകുപ്പിന് നരേന്ദ്രമോദി നേരത്തേ രൂപം നല്‍കിയിരുന്നു. രാഹുല്‍ ഭയ്യാ.. നിങ്ങള്‍ അവധിയിലായിരുന്നു. അതുകൊണ്ടാണ് നിങ്ങള്‍ക്ക് ഇക്കാര്യം അറിയാത്തത്.' എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്രകളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു 'അവധി'പരാമര്‍ശം അമിത് ഷാ നടത്തിയത്. 

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയില്‍ നടത്തിയ സന്ദർശനത്തിനിടെയാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിനായി കേന്ദ്രത്തില്‍ ഫിഷറീസ് വകുപ്പില്ലെന്ന ആരോപണം രാഹുല്‍ ഉന്നയിക്കുന്നത്. എന്നാല്‍ 2019-ല്‍ തന്നെ ഫിഷറീസ് വകുപ്പിന് മോദി സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നെന്നും ഇക്കാര്യം ലോകസഭാംഗമായ രാഹുലിന് അറിയില്ലേ എന്നും ചോദിച്ച് ബിജെപി ഉടന്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. 

'പുതുച്ചേരിയിലെ ജനങ്ങളോട് ഒരു കാര്യം ഞാൻ ചോദിക്കുന്നു,  കഴിഞ്ഞ നാലുവര്‍ഷമായി ഒരു പാര്‍ട്ടിയുടെ ലോക്‌സഭയിലുളള അംഗത്തിന് കഴിഞ്ഞ രണ്ടുവര്‍ഷം മുമ്പ് ഫിഷറീസ് വകുപ്പ് രൂപം നല്‍കിയത് പോലും അറിയില്ലെങ്കില്‍ പുതുച്ചേരിയുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആ പാര്‍ട്ടിക്ക് സാധിക്കുമെന്ന് തോന്നുന്നുണ്ടോ.'- അമിത് ഷാ ചോദിച്ചു. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുച്ചേരിയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം വിജയിക്കുമെന്നും പുതിയ സര്‍ക്കാരിന് രൂപം നല്‍കുമെന്നുമുളള പ്രതീക്ഷയും അമിത് ഷാ പങ്കുവെച്ചു. എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന് വി.നാരായണസ്വാമിയുടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട പുതുച്ചേരിയില്‍ നിലവില്‍ രാഷ്ട്രപതി ഭരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com