ഭര്‍ത്താവിനെ റോഡിലൂടെ ടെമ്പോയില്‍ കെട്ടിവലിച്ച് യുവതി; വീഡിയോ വൈറല്‍; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2021 02:53 PM  |  

Last Updated: 28th February 2021 02:53 PM  |   A+A-   |  

dragged

യുവാവിനെ ടെമ്പോയിലൂടെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യം

 


സൂറത്ത്: യുവാവിനെ ടെമ്പോയ്ക്ക് പിന്നില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ഭാര്യയും ഭാര്യാ സഹോദരനും അറസ്റ്റില്‍.  ഗുരുതരമായി പരിക്കേറ്റ സൂറത്ത് കഡോദര സ്വദേശി ബാല്‍കൃഷ്ണ റാത്തോഡിനെ ആശുപത്രിയിര്‍ പ്രവേശിപ്പിച്ചു. മിനി ടെമ്പോ വാനിന്റെ പിന്നില്‍ കാലുകള്‍ കെട്ടി ഇയാളെ വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. തുട
ര്‍ന്ന് പൊലസീസ് പിടികൂടുകയായിരുന്നു. ബാല്‍കൃഷ്ണയുടെ ഭാര്യ ശീതള്‍ റാത്തോഡ്, സഹോദരന്‍ അനില്‍ ചൗഹാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ്് ചെയ്തു. 

പൊലീസ് പറയുന്നതിങ്ങനെ; മദ്യപാനിയായ ബാല്‍കൃഷ്ണയുടെ പീഡനം സഹിക്കവയ്യാതെയാണ് ശീതള്‍ സഹോദരനൊപ്പം ചേര്‍ന്ന് ഇത്തരമൊരു ശിക്ഷ നടപ്പാക്കിയത്. കൃത്യം നടന്ന ദിവസവും മദ്യപിച്ചെത്തിയ റാത്തോഡ് ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്നാണ് ശീതള്‍ സഹായത്തിനായി സഹോദരന്‍ അനിലിനെ വിളിച്ചു വരുത്തിയത്. മിനി ടെമ്പോയിലാണ് അനില്‍ സഹോദരന്റെ വീട്ടിലെത്തിയത്. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും രംഗം കൂടുതല്‍ വഷളാവുകയാണുണ്ടായത്. സഹോദരന്റെ മുന്നിലിട്ടും ശീതളിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു. അനില്‍ ഇടപെട്ടിട്ടും നിര്‍ത്താതെ മര്‍ദ്ദനം തുടര്‍ന്നു.

കാര്യങ്ങള്‍ കൈവിട്ട് പോയതോടെ അനിലും ശീതളും ചേര്‍ന്ന് ബാല്‍കൃഷ്ണയെ തിരികെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദിച്ച് വീഴ്ത്തിയ ശേഷം ഇയാളുടെ കാലുകള്‍ കൂട്ടിക്കെട്ടി ടെമ്പോയ്ക്ക് പിന്നില്‍ ബന്ധിച്ചു. തുടര്‍ന്ന് റോഡിലൂടെ അഞ്ഞൂറ് മീറ്ററോളം ഇയാളെയും വലിച്ചിഴച്ച് ആ വാഹനം പാഞ്ഞു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടാണ് ബാല്‍കൃഷ്ണയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ആളുകള്‍ തന്നെയാണ് അനിലിനെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്.

ആശുപത്രിയില്‍ കഴിയുന്ന ബാല്‍കൃഷ്ണയുടെ നില ഗുരുതരമായി തുടരുകയാണ്. കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്താണ് പൊലീസ് പ്രതികളെ പിടികൂടിയിരിക്കുന്നത്. ഇവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.