കാര്‍ മോഷ്ടിക്കപ്പെട്ടിട്ട് രണ്ട് വര്‍ഷം, ഉപയോഗിച്ചത് പൊലീസുകാരന്‍; സര്‍വീസിനെത്തിച്ചപ്പോള്‍ കുടുങ്ങി, അന്വേഷണം 

ഉടമയറിയാതെ വാഹനം ഉപയോഗിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാന്‍പൂര്‍: രണ്ട് വര്‍ഷം മുന്‍പ് മോഷ്ടിക്കപ്പെട്ട കാര്‍ ഉടമയ്ക്ക് തിരിച്ചുകിട്ടി. സര്‍വീസ് സെന്ററില്‍ നിന്ന് ലഭിച്ച ഫോണ്‍കോളാണ് നഷ്ടപ്പെട്ടെന്ന് കരുതിയ കാര്‍ തിരികെയെത്തിച്ചത്. അന്വേഷണത്തില്‍ പിടിച്ചെടുത്ത ഈ കാര്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കസ്റ്റഡിയിലായിരുന്നു. ഉടമയറിയാതെ വാഹനം ഉപയോഗിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

2018 ഡിസംബര്‍ 31ന് ഒരു കാര്‍ വാഷിങ് കേന്ദ്രത്തില്‍ നിന്നാണ് കാര്‍ മോഷണം പോയത്. ഇതേക്കുറിച്ച് അന്നുതന്നെ ബാരാ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അപ്രതീക്ഷിതമായാണ് കഴിഞ്ഞ ബുധനാഴ്ച സര്‍വീസ് സെന്ററില്‍ നിന്ന് ഒമേന്ദ്ര സോനി എന്ന വണ്ടിയുടെ യഥാര്‍ത്ഥ ഉടമയ്ക്ക് ഫോണ്‍ വന്നത്. സര്‍വീസ് ചെയ്തത് എങ്ങനെയുണ്ടെന്ന് അറിയാനായിരുന്നു കോള്‍. നഷ്ടപ്പെട്ട വണ്ടി സര്‍വീസ് ചെയ്‌തെന്ന് അറിഞ്ഞ ഒമേന്ദ്ര സര്‍വീസ് സെന്ററില്‍ എത്തി അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് കൗഷലേന്ദ്ര പ്രതാപ് സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വാഹനം വാങ്ങിപ്പോയതായി അറിഞ്ഞത്. ബിത്തൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ഇയാള്‍.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന കാര്‍ പിടിച്ചെടുത്തതാണെന്ന് കൗഷലേന്ദ്ര പറഞ്ഞു. അതേസമയം ഇങ്ങനെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവാദമില്ല. ബാരാ പൊലീസിന് ഇതുസംബന്ധിച്ച വിവരം കൈമാറിയില്ലെന്നും ആരോപണമുണ്ട്. ഇതേതുടര്‍ന്ന് സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് കാന്‍പൂര്‍ റേഞ്ച് ഐ ജി ഉത്തരവിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com