പ്രവാസികളുടെ വോട്ടവകാശം യാഥാര്‍ഥ്യമാകുന്നു; ഇ- തപാല്‍ വോട്ടിന് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി

പ്രവാസികള്‍ക്ക് ഇ- തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ വിദേശകാര്യമന്ത്രാലയം അനുമതി നല്‍കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഇ- തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ വിദേശകാര്യമന്ത്രാലയം അനുമതി നല്‍കി. ഇത് നടപ്പാക്കുന്നതിന് മുന്‍പ് പ്രവാസി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ വിദേശകാര്യമന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ നിര്‍ദേശിച്ചു.

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് വിദേകാര്യമന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചത്. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് സമ്മതിദാനവകാശം വിനിയോഗിക്കാനുള്ള സാധ്യത ഇതോടെ ഉയര്‍ന്നിരിക്കുകയാണ്.  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ കേന്ദ്ര നിയമകാര്യ സെക്രട്ടറിക്ക് അയച്ച കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. പ്രവാസികളുടെ നീണ്ടക്കാലത്തെ ആവശ്യമാണ് യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നത്.

നിലവില്‍ ഇ- തപാല്‍ വോട്ട് സംവിധാനം പ്രതിരോധ സേന ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. പ്രവാസി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവയുടെ നിവേദനങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം മുന്നോട്ടുവെച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com