''സ്ത്രീകള്‍ക്കു സമയത്തെക്കുറിച്ചു ബോധം വേണം, വൈകുന്നേരം പുറത്തിറങ്ങരുത്''; വനിതാ കമ്മിഷന്‍ അംഗത്തിന്റെ പരാമര്‍ശം വിവാദത്തില്‍

ഉത്തര്‍പ്രദശേിലെ ബദോനില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച അംഗന്‍വാടി ജീവനക്കാരി ഇങ്ങനെ ശ്രദ്ധിച്ചിരുന്നെങ്കില്‍ അപായം ഉണ്ടാവുമായിരുന്നില്ലെന്ന് ചന്ദ്രമുഖീ ദേവി
ചന്ദ്രമുഖീ ദേവി /ncw.nic.in
ചന്ദ്രമുഖീ ദേവി /ncw.nic.in

ലക്‌നൗ: സ്ത്രീകള്‍ പുറത്തേക്കു പോവുമ്പോള്‍ സമയത്തെക്കുറിച്ചു ബോധം വേണമെന്ന് ദേശീയ വനിതാ കമ്മിഷന്‍ അംഗം ചന്ദ്രമുഖീ ദേവി. ഉത്തര്‍പ്രദശേിലെ ബദോനില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച അംഗന്‍വാടി ജീവനക്കാരി ഇങ്ങനെ ശ്രദ്ധിച്ചിരുന്നെങ്കില്‍ അപായം ഉണ്ടാവുമായിരുന്നില്ലെന്ന് ചന്ദ്രമുഖീ ദേവി പറഞ്ഞു. ദേശീയ വനിതാ കമ്മിഷന്‍ അംഗത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ വിവിധ കോണുകളില്‍നിന്ന് ശക്തമായ വിമര്‍ശനം ഉയര്‍ന്നു.

''സമയത്തെക്കുറിച്ചു സ്ത്രീകള്‍ എപ്പോഴും ബോധവതികള്‍ ആയിരിക്കണം. വൈകിയ വേളയില്‍ എത്ര നിര്‍ബന്ധമുണ്ടായാലും പുറത്തേക്കു പോവരുത്. ഈ കേസിലെ ഇര ഇങ്ങനെ ശ്രദ്ധിച്ചിരുന്നെങ്കില്‍, അല്ലെങ്കില്‍ കൂടെ ആരെയെങ്കിലും കൂട്ടിയിരുന്നെങ്കില്‍ അപായം ഒഴിവാക്കാമായിരുന്നു'' ചന്ദ്രമുഖീ ദേവി പറഞ്ഞു. ബദോനില്‍ ആക്രമണത്തിനിരയായി മരിച്ച സ്ത്രീയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷമായിരുന്നു വനിതാ കമ്മിഷന്‍ അംഗത്തിന്റെ പരാമര്‍ശം.

അതേസമയം ചന്ദ്രമുഖീദേവിയുടെ പ്രസ്താവനയെ തള്ളി കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ രംഗത്തുവന്നു. ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് ശര്‍മ ്ട്വിറ്ററില്‍ കുറിച്ചു.

''എപ്പോഴും എവിടെയും സ്വന്തം ഇച്ഛപോലെ പോവാനുള്ള അവകാശം സ്ത്രീക്കുണ്ട്. നാടിനെ സ്ത്രീസുരക്ഷയ്ക്കു പ്രാപ്തമാക്കുകയെന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്''- രേഖാ ശര്‍മ പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് ക്ഷേത്രത്തിലേക്കു പോയ അന്‍പതുകാരിയാണ് ബദോനില്‍ ബലാത്സംഗത്തിന് ഇരയായി മരിച്ചത.് ആറു മണിക്കു പുറത്തുപോയ സ്ത്രീയെ കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ രാത്രി പതിനൊന്നരയോടെ മൂന്നു പേര്‍ ചേര്‍ന്ന അവരുടെ ശരീരം വീടിനു മുന്നില്‍ ഇട്ടിട്ടു പോവുകയായിരുന്നു. രക്തത്തില്‍ കുളിച്ച്, അര്‍ധനഗ്നയായ നിലയില്‍ ആയിരുന്നു അവര്‍. ഇവര്‍ പിന്നീട് മരണത്തിനു കീഴടങ്ങി.

ക്ഷേത്ര പൂജാരി ബാബാ സത്യേന്ദ്ര ദാസും സഹായികളായ വേദ് റാമും യശ്പാലും ആണ് ഇവരെ വീട്ടിനു മുന്നില്‍ കൊണ്ടിട്ടതെന്ന് സ്ത്രീയുടെ ബന്ധുക്കള്‍ പറഞ്ഞു. സത്യേന്ദ്ര ദാസിനെ ഇനിയും കണ്ടെത്താനായിട്ടില്ല. മറ്റു രണ്ടുപേരെ പൊലീസ് പിടികൂടി. സത്യേന്ദ്രദാസിനെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് 50,000 രൂപ ഇനാം പ്രഖ്യാപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com