'മകനെ എന്നില്‍ നിന്ന് അകറ്റി', പ്രതികാരമായി മരുമകനെ തട്ടിക്കൊണ്ടുപോയി; യുവതി അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2021 05:27 PM |
Last Updated: 10th January 2021 05:27 PM | A+A A- |

ഫയല്‍ ചിത്രം
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സഹോദരനോട് പ്രതികാരം ചെയ്യാന്‍ അമ്മായി 10 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തി.
മീററ്റിലെ ടിപി നഗര്‍ മേഖലയിലാണ് സംഭവം. 10 വയസുകാരനെ കാണാതായതിന് പിന്നാലെ പൊലീസ് ഊര്‍ജ്ജിതമായി തെരച്ചില്‍ നടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കുട്ടിയെ രക്ഷിച്ചത്. കേസില്‍ കുട്ടിയുടെ അമ്മായി ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിയുകയായിരുന്നു. സഹോദരന്‍ അക്ഷയ് ലാലിനോട് പ്രതികാരം ചെയ്യാന്‍ കുട്ടിയുടെ അമ്മായിയായ സരിതയാണ് തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയത്.
2011ല്‍ സരിത ഓംപ്രകാശ് എന്നയാളെ വിവാഹം ചെയ്തു. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. ഇരുവര്‍ക്കുമായി ജനിച്ച ആറു വയസുകാരന്‍ ഓംപ്രകാശിന്റെ കൂടെ നിന്നാണ് വളരുന്നത്. സഹോദരന്‍ ലാലിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കുട്ടിയെ അച്ഛന്റെ ഒപ്പം നിര്‍ത്തിയത്. ഇതിലുള്ള ദേഷ്യമാണ് ലാലിന്റെ മകനെ തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്ന്് പൊലീസ് പറയുന്നു.മകനെ തന്നില്‍ നിന്ന് അകറ്റിയതിന് 10 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സഹോദരനോട് പ്രതികാരം ചെയ്യാനായിരുന്നു സരിതയുടെ പദ്ധതിയെന്ന് പൊലീസ് പറയുന്നു.