അന്നു രാവിലെ പല തവണ വിളിച്ചു, വൈകീട്ട് ബാത്‌റൂമില്‍ കുളിച്ചുകൊണ്ടിരിക്കെയും ഫോണില്‍ വിളിച്ചു ; ബദായൂന്‍ കൂട്ടബലാല്‍സംഗ കേസില്‍ മുഖ്യപ്രതിയായ പൂജാരിക്കെതിരെ വെളിപ്പെടുത്തല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2021 02:16 PM |
Last Updated: 11th January 2021 02:16 PM | A+A A- |
മുഖ്യപ്രതി പൂജാരി സത്യനാരായണ്‍ / എഎന്‍ഐ ചിത്രം
ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ബദായുന്‍ കൂട്ട ബലാല്‍സംഗക്കേസിലെ മുഖ്യ പ്രതിയായ ക്ഷേത്രപൂജാരിക്കെതിരെ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയായ സ്ത്രീയുടെ മകന്റെ വെളിപ്പെടുത്തല്‍. കൊലപാതകം നടന്ന ദിവസം പൂജാരിയായ മഹന്ത് സത്യനാരായണ്‍ നിരവധി തവണ അമ്മയെ ഫോണില്‍ വിളിച്ചിരുന്നതായാണ് മകന്‍ വെളിപ്പെടുത്തിയത്.
സംഭവ ദിവസം ( ജനുവരി 3 ഞായറാഴ്ച) രാവിലെ നിരവധി തവണയാണ് സത്യനാരായണ്‍ ഫോണില്‍ വിളിച്ചത്. വൈകീട്ട് നാലുമണിയ്ക്ക് അമ്മ കുളിച്ചു കൊണ്ടിരുന്നപ്പോഴും അയാള്‍ വിളിച്ചു. ബാത്‌റൂമില്‍ നിന്നുമെത്തിയ അമ്മ പൂജാരിയുമായി പോണില്‍ സംസാരിക്കുകയും, തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് പോകുകയുമായിരുന്നു എന്ന് മകന്‍ ഹിന്ദി പത്രമായ അമര്‍ ഉജാലയോടാണ് വെളിപ്പെടുത്തിയത്.
കടുത്ത മത ഭക്തയായിരുന്നു അമ്മ. പതിവായി ക്ഷേത്രദര്‍ശനം നടത്താറുമുണ്ടായിരുന്നു. എന്നാല്‍ സംഭവ ദിവസം വൈകീട്ട് ക്ഷേത്രത്തിലേക്ക് പോയ അമ്മ രാത്രി വൈകിയിട്ടും തിരികെ എത്തിയില്ല. അര്‍ധരാത്രിയോടെ സത്യനാരായണനും മറ്റു രണ്ടുപേരും കൂടി അതീവഗുരുതരാവസ്ഥയില്‍ അമ്മയെ വീട്ടിലെത്തിക്കുകയായിരുന്നു.
ക്ഷേത്രത്തിന് സമീപത്തെ പൊട്ടക്കിണറ്റില്‍ വീണു കിടക്കുകയായിരുന്നു എന്നാണ് അവര്‍ പറഞ്ഞത്. അമ്മ മരിച്ചതിന് ശേഷം നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായി എന്ന് വ്യക്തമായതെന്നും മകന്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ഉഗൈട്ടി പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.