ആദ്യം 251 രൂപയ്ക്ക് ഫോണ്‍ കൊടുത്ത് 'പറ്റിച്ചു'; 200 കോടി രൂപയുടെ ഡ്രൈ ഫ്രൂട്ട്സ് തട്ടിപ്പില്‍ ഗോയല്‍ അറസ്റ്റില്‍ 

ലോകത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ മൊബൈല്‍ ഫോണ്‍ എന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയ റിങ്ങിംഗ് ബെല്‍സിന്റെ സ്ഥാപകന്‍ മോഹിത് ഗോയല്‍ മറ്റൊരു കേസില്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ലോകത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ മൊബൈല്‍ ഫോണ്‍ എന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയ റിങ്ങിംഗ് ബെല്‍സിന്റെ സ്ഥാപകന്‍ മോഹിത് ഗോയല്‍ മറ്റൊരു കേസില്‍ അറസ്റ്റില്‍. 200 കോടി രൂപയുടെ ഡ്രൈ ഫ്രൂട്ട്സ് ഇടപാടുമായി ബന്ധപ്പെട്ട് വ്യാപാരികളെ കബളിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. 251 രൂപയ്ക്ക് മൊബൈല്‍ ഫോണ്‍ എന്ന അവകാശവാദവുമായി 'ഫ്രീഡം 251'  അവതരിപ്പിച്ചാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹിത് ഗോയല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. 

ദുബായ് ഡ്രൈ ഫ്രൂഡ്സ് ആന്റ് സ്പൈസെസ് ഹബ് എന്ന പേരിലാണ് ഗോയല്‍ മറ്റ് അഞ്ച് പേരോടൊപ്പം കമ്പനി തുടങ്ങിയത്. ഉത്തര്‍പ്രദേശ്, ഡല്‍ഹി, പഞ്ചാബ്,ഹരിയാണ,രാജസ്ഥാന്‍,പശ്ചിമ ബംഗാള്‍ ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി കമ്പനിയ്ക്ക്  എതിരെ 40ത്തോളം പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് പൊലീസ് കമ്പനിക്കെതിരെ നടപടികള്‍ ആരംഭിച്ചത്. 

രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമുള്ള വ്യാപാരികളില്‍ നിന്നായി തട്ടിപ്പുകാര്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്ന വിലക്ക്  ഡ്രൈ ഫ്രൂട്ട്സ് വാങ്ങും. വിശ്വാസ്യത സമ്പാദിക്കാനായി ആദ്യം പണം സമയബന്ധിതമായി നല്‍കും. പിന്നീട് വലിയ തോതില്‍ ഡ്രൈ ഫ്രൂട്സ് വാങ്ങിക്കുകയും 40 ശതമാനം വില നെറ്റ് ബാങ്ങിങ് മുഖേന കൈ മാറുകയും ചെയ്യും. ബാക്കി തുകയ്ക്ക് പകരം ചെക്ക് കൈമാറുകയാണ്  പതിവ്. ഈ ചെക്ക് ബാങ്കില്‍ നിന്ന് മടങ്ങിയതോടെയാണ് വ്യാപാരികള്‍ പരാതിയുമായെത്തിയത്.  മുഴുവന്‍  തുകയും നല്‍കാതെ വാങ്ങിയ ഡ്രൈ ഫ്രൂട്സ് തട്ടിപ്പുകാര്‍  ഓപ്പണ്‍ മാര്‍ക്കറ്റില്‍ വില്‍ക്കുകയും വന്‍ തുക സമ്പാദിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് നോയിഡ പോലീസ് ഗോയലിനയെയും കൂട്ടാളി ഓം പ്രകാശ് ജാന്‍ജിദിനെയും അറസ്റ്റ് ചെയ്തത്. ഓഡി ഉള്‍പ്പെടെ രണ്ട് കാറുകള്‍,ഡ്രൈ ഫ്രൂട്സ്, ചില രേഖകള്‍ തുടങ്ങിയവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com