എന്‍ഐഎയുടെ ചോദ്യം ചെയ്യല്ലിന് ഹാജരാകില്ല; പ്രക്ഷോഭം അട്ടിമറിക്കാനുള്ള നീക്കമെന്ന് കര്‍ഷക നേതാവ്

നാളെ ഹാജരാകാന്‍ അദ്ദേഹത്തിന് ദേശീയ അന്വേഷണ ഏജന്‍സി നോട്ടീസ് നല്‍കിയിരുന്നു.
ബല്‍ദേവ് സിങ് സിര്‍സ/ എഎന്‍ഐ
ബല്‍ദേവ് സിങ് സിര്‍സ/ എഎന്‍ഐ

ന്യൂഡല്‍ഹി: എന്‍ഐഎയുടെ ചോദ്യം ചെയ്യല്ലിന് ഹാജരാവില്ലെന്ന് കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിങ് സിര്‍സ. നാളെ ഹാജരാകാന്‍ അദ്ദേഹത്തിന് ദേശീയ അന്വേഷണ ഏജന്‍സി നോട്ടീസ് നല്‍കിയിരുന്നു. പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു. 

കര്‍ഷക സംഘടനയായ ലോക് ഭലായി ഇന്‍സാഫ് വെല്‍ഫെയര്‍ സൊസൈറ്റി (എല്‍ബിഐഡബ്ല്യുഎസ്) അധ്യക്ഷനാണ് ബല്‍ദേവ്. 
നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) യുടെ നേതാക്കളില്‍ ഒരാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ബല്‍ദേവിന് സമന്‍സ് അയച്ചിരിക്കുന്നത്.

ഖലിസ്ഥാനി സംഘടനകള്‍ക്കെതിരെയും അവര്‍ ഇന്ത്യയിലെ നിരവധി സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്‍കിയതിനെ കുറിച്ചുമാണ് എന്‍ഐഎയുടെ അന്വേഷണം നടക്കുന്നത്. ഇത്തരത്തില്‍ ധനസഹായം സ്വീകരിച്ച സന്നദ്ധ സംഘടനകളുടെ പട്ടിക എന്‍ഐഎ തയ്യാറാക്കിയിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

എസ്എഫ്‌ജെയെ പോലെയുള്ള ഖലിസ്ഥാനി സംഘടനകള്‍ സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്‍കി ഭീകരവാദം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. ഇക്കഴിഞ്ഞ മാസങ്ങളില്‍ നിരോധിത ഖലിസ്ഥാനി സംഘടനകളിലെ അംഗങ്ങള്‍, കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി അമേരിക്ക, കാനഡ, യുകെ എന്നിവിടങ്ങളിലെ എംബസികള്‍ക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഡിസംബര്‍ 12ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍ഐഎ, ഇഡി, ആദായനികുതി വകുപ്പ്, സിബിഐ, എഫ്‌സിആര്‍എ വിഭാഗം എന്നിവരുടെ യോഗം വിളിച്ചിരുന്നുവെന്നാണ് വിവരം. എസ്.എഫ്.ജെ, ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഖലിസ്ഥാന്‍ ടൈഗേഴ്സ് ഫോഴ്സ് തുടങ്ങിയ സംഘടനകളുടെ ധനസഹായവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനിച്ചതായും വിവരങ്ങളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com