ഡല്‍ഹി ശാന്തമാകുന്നു, കര്‍ഷക പരേഡ് നിര്‍ത്തിവെയ്ക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച; സമര കേന്ദ്രങ്ങളിലേക്ക് കര്‍ഷകര്‍ മടങ്ങുന്നു

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലി സംഘര്‍ഷത്തില്‍ കലാശിച്ചതോടെ, മണിക്കൂറുകളോളം മുള്‍മുനയില്‍ നിന്ന രാജ്യതലസ്ഥാനം ശാന്തമാകുന്നു
ചെങ്കോട്ടയ്ക്ക് മുന്‍പിലെ കര്‍ഷക സമരം/ എഎന്‍ഐ ചിത്രം
ചെങ്കോട്ടയ്ക്ക് മുന്‍പിലെ കര്‍ഷക സമരം/ എഎന്‍ഐ ചിത്രം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലി സംഘര്‍ഷത്തില്‍ കലാശിച്ചതോടെ, മണിക്കൂറുകളോളം മുള്‍മുനയില്‍ നിന്ന രാജ്യതലസ്ഥാനം ശാന്തമാകുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തുന്ന കര്‍ഷക പരേഡ് അടിയന്തരമായി നിര്‍ത്തിവെയ്ക്കാന്‍ കര്‍ഷകരോട് നേതൃത്വം ആവശ്യപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കേന്ദ്രങ്ങളിലേക്ക് കര്‍ഷകരോട് തിരികെ പോകാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു. സമരം സമാധാനപരമായി തുടരുമെന്ന് പറഞ്ഞ സംഘടന തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അറിയിച്ചു. 

ഡല്‍ഹിയിലെ അക്രമ സംഭവങ്ങളെ അപലപിച്ച് നിരവധി നേതാക്കള്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് കര്‍ഷക പരേഡില്‍ നിന്ന് പിന്മാറാന്‍ നേതൃത്വം തീരുമാനിച്ചത്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ശശി തരൂര്‍, എന്‍സിപി നേതാവ് ശരത് പവാര്‍ തുടങ്ങി നിരവധി നേതാക്കളാണ് അക്രമസംഭവങ്ങളെ അപലപിച്ചത്. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ, കര്‍ഷകരില്‍ ചിലര്‍ ചെങ്കോട്ടയില്‍ അതിക്രമിച്ച് കയറി കര്‍ഷക കൊടി ഉയര്‍ത്തിയത് ഉള്‍പ്പടെയുള്ള വിഷയങ്ങളിലാണ് വിമര്‍ശനം ഉയര്‍ന്നത്. സമരത്തിന്റെ കാരണങ്ങള്‍ ന്യായമാണെങ്കിലും അക്രമസംഭവം അംഗീകരിക്കാന്‍ സാധിക്കില്ല എന്നാണ് നേതാക്കള്‍ പറഞ്ഞത്. കൂടാതെ സമരകേന്ദ്രങ്ങളിലേക്ക് തന്നെ തിരിച്ചുപോകാനും നേതാക്കള്‍ ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അര്‍ധസൈനിക വിഭാഗത്തിനോട് തയ്യാറായിരിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. 

ചെങ്കോട്ടയില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാരെ നീക്കാനായി ഡല്‍ഹി പൊലീസ് കൂടുതല്‍ സേനയെ നിയോഗിച്ചു. സംഘര്‍ഷത്തിന് പിന്നാലെ ഡല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം നിരോധിച്ചു. വിവിധ മെട്രോ സ്റ്റേഷനുകള്‍ അടച്ചു. 

എന്‍എച്ച് 44, ജി ടി കെ റോഡ്, ഔട്ടര്‍ റിങ് റോഡ്, സിഗ്‌നേചര്‍ ബ്രിഡ്ജ്, ജി ടി റോഡ്, ഐഎസ്ബിടി റിങ് റോഡ്, വികാസ് മാര്‍ഗ്, ഐടിഒ,എന്‍എച്ച് 24, നിസാമുദ്ദിന്‍ ഖത്ത, നോയിഡ ലിങ്ക് റോഡ് എന്നിവയിലെ ഗതാഗതമാണ് നിരോധിച്ചത്. കര്‍ഷകരും പൊലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ ഒരാള്‍ മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശിയാണ് മരിച്ചത്. പൊലീസ് വെടിവെയ്പ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് കര്‍ഷകര്‍ ആരോപിച്ചു. ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചത് എന്നാണ് പൊലീസ് വാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com