കര്‍ഷകന്‍ മരിച്ചത് വെടിവെയ്പ്പ് മൂലമല്ലെന്ന് ഡല്‍ഹി പൊലീസ് ; സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2021 07:09 AM  |  

Last Updated: 27th January 2021 07:09 AM  |   A+A-   |  

protest

പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യം / എഎന്‍ഐ

 

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷകന്‍ മരിച്ചത് വെടിവെയ്പ്പ് മൂലമല്ലെന്ന് ഡല്‍ഹി പൊലീസ്. ഇതിന് ആധാരമായി സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ഐടിഒയില്‍ പൊലീസ് സ്ഥാപിച്ച മഞ്ഞ ബാരിക്കേഡുകളില്‍ തട്ടി നീലനിറത്തിലുള്ള ഒരു ട്രാക്ടര്‍ മറിയുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

ഗാസിപുരില്‍നിന്നുള്ള സംഘത്തിന്റെ ട്രാക്ടറാണ് അപകടത്തില്‍പ്പെട്ടതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ട്രാക്ടര്‍ റാലിക്കിടെ ഉത്തരാഖണ്ഡ് സ്വദേശി നവ്ദീപ് സിങ് (26) ആണ് മരിച്ചത്. നവ്ദീപിന്റെ മൃതദേഹവുമായി സമരക്കാര്‍ റോഡ് ഉപരോധിച്ചിരുന്നു. പൊലീസിന്റെ വെടിയേറ്റാണ് നവ്ദീപ് മരിച്ചതെന്ന ആരോപണമുയര്‍ത്തിയായിരുന്നു ഉപരോധം. 

രാത്രിയോടെ മൃതദേഹം സമരകേന്ദ്രത്തിലേക്ക് മാറ്റി.ഡല്‍ഹി-നോയിഡ അതിര്‍ത്തിയിലും ട്രാക്ടര്‍ മറിഞ്ഞ രണ്ടു കര്‍ഷകര്‍ക്ക് പരുക്കേറ്റു. അതേസമയം സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ കൂടി മരിച്ചതായി കര്‍ഷകര്‍ ആരോപിച്ചിട്ടുണ്ട്. 

തലസ്ഥാനത്ത് കൂടുതല്‍ അര്‍ധസൈനിക വിഭാഗത്തെ നിയമിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. സംഘര്‍ഷത്തില്‍ 83 പൊലീസുകാര്‍ക്ക് പരിക്കേറ്റെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. കര്‍ഷകരുടെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് സിംഘു, തിക്രി അതിര്‍ത്തികളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു.