കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധം; രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം, വിട്ടുനില്‍ക്കുക പതിനാറു പാര്‍ട്ടികള്‍

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്/എഎന്‍ഐ
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്/എഎന്‍ഐ

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം. നാളെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപനം. പതിനാറ് പ്രതിപക്ഷ സംഘടനകള്‍ നയപ്രഖ്യാപനം ബഹിഷ്‌കരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ചര്‍ച്ചകള്‍ അനുവദിക്കാതെ ഏകപക്ഷീയമായാണ് കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. 

ഈ സര്‍ക്കാരിന്റെ കാലത്ത് രണ്ടാമത്തെ തവണയാണ് പ്രതിപക്ഷം രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌കരിക്കുന്നത്. കഴിഞ്ഞവര്‍ഷം പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിന് മുന്നിലെ അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ ഭരണഘനയുടെ ആമുഖം വായിച്ചായിരുന്നു അന്ന് പ്രതിപക്ഷം പ്രതിഷേധിച്ചത്. 

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കള്‍ക്ക് എതിരെ ഡല്‍ഹി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 20 കര്‍ഷക നേതാക്കള്‍ക്ക് എതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടേ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തിന് ശേഷമാണ് കര്‍ഷക സംഘടന നേതാക്കള്‍ക്ക് എതിരെ കടുത്ത നടപടിയിലേക്ക് പൊലീസ് നീങ്ങിയത്. മേധാ പട്കര്‍, യോഗേന്ദ്ര യാദവ് അടക്കം 37 നേതാക്കള്‍ക്ക് എതിരെ ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചെങ്കോട്ടയിലുള്‍പ്പെടെ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഈ നേതാക്കള്‍ നടത്തിയ ആഹ്വാനമാണ് എന്നാണ് പൊലീസ് നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com