സമരവേദി ഒഴിപ്പിക്കാനായില്ല, കേന്ദ്രസേന പിന്‍വാങ്ങി ; സമരം തുടരുമെന്ന് ടിക്കായത്ത് 

പൊലീസ് നോട്ടീസിനെതിരെ കര്‍ഷക സംഘടന നേതാവ് രാകേഷ് ടിക്കായത്ത് സുപ്രീംകോടതിയെ സമീപിച്ചേക്കും
കര്‍ഷക സമര വേദി / എഎന്‍ഐ ചിത്രം
കര്‍ഷക സമര വേദി / എഎന്‍ഐ ചിത്രം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും പൊലീസും കേന്ദ്രസേനയും പിന്‍മാറി. ഡല്‍ഹി -യുപി അതിര്‍ത്തിയിലുള്ള ഗാസിപ്പുരിലെ പ്രക്ഷോഭകേന്ദ്രം ഒഴിപ്പിക്കാനാണ് പൊലീസ് സേന എത്തിയത്. അര്‍ധരാത്രി വരെ പൊലീസും കര്‍ഷകരം നേര്‍ക്കുനേര്‍ നിന്നതോടെ മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. 

പൊലീസും ദ്രുതകര്‍മ സേനയും സ്ഥലത്തെത്തിയെങ്കിലും പിന്നോട്ടില്ലെന്നു കര്‍ഷക നേതാവ് രാകേഷ് ടിക്കായത് പ്രഖ്യാപിച്ചു. നിലപാട് കടുപ്പിച്ചതോടെയാണ് ഒഴിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് യുപി പൊലീസും ദ്രുതകര്‍മ സേനയും രാത്രി ഒരു മണിക്ക് മടങ്ങിയത്. ഗാസിപ്പുരിലെ പ്രക്ഷോഭകേന്ദ്രം ഒഴിപ്പിക്കണമെന്നു ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. സമരവേദി ഒഴിയാന്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ സാവകാശം നല്‍കിയേക്കും. 

അതേസമയം വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. ഡല്‍ഹി -ഹരിയാന അതിര്‍ത്തിയിലെ സിംഘു, തിക്രി എന്നിവിടങ്ങളില്‍നിന്നും ഡല്‍ഹിയിലേക്കുള്ള എല്ലാ വഴികളും അടച്ചു. സംഘര്‍ഷങ്ങളുടെ പേരില്‍ കര്‍ഷക നേതാക്കള്‍ക്കെതിരെ ചുമത്തിയ 33 എഫ്‌ഐആറുകളില്‍ ചിലതില്‍ രാജ്യദ്രോഹക്കുറ്റവും യുഎപിഎയും വരെയുണ്ട്. 

അതിനിടെ സമരവേദി ഒഴിയണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ നോട്ടീസിനെതിരെ കര്‍ഷക സംഘടന നേതാവ് രാകേഷ് ടിക്കായത്ത് സുപ്രീംകോടതിയെ സമീപിച്ചേക്കും. ഇന്നു തന്നെ സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. സമാധാനപരമായ സമരം തുടരുമെന്ന് ടിക്കായത്ത് വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com