ഹര്‍ഷവര്‍ധന്റെ രാജി കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മോദി സര്‍ക്കാര്‍ തോറ്റെന്ന കുമ്പസാരം; പി ചിദംബരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th July 2021 08:11 PM  |  

Last Updated: 07th July 2021 08:11 PM  |   A+A-   |  

chidambaramklkj;k;

പി ചിദംബരം/ ഫയല്‍ ചിത്രം


ന്യൂഡല്‍ഹി:  രാജ്യത്തെ കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതിന്റെ കുമ്പസാരമാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടേയും ആരോഗ്യവകുപ്പ് സഹമന്ത്രിയുടേയും രാജിയെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം.

എല്ലാം ശരിയായി നടന്നാല്‍ അതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിക്കും, എന്നാല്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി മന്ത്രിമാരാവും.  ചോദ്യം ചെയ്യപ്പെടാത്ത അനുസരണയ്ക്ക് ഒരു മന്ത്രി കൊടുക്കുന്ന വില അതാണെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു. 

ബുധനാഴ്ചയാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടന്നത്. പുതിയ മന്ത്രിസഭയ്ക്ക് മുന്നോടിയായാണ് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഹര്‍ഷവര്‍ധനും ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെയും രാജി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് വിമര്‍ശനവുമായി രംഗത്തെത്തിയത്. 

ഹര്‍ഷവര്‍ധന് പുറമേ, രാസവളം സദാനന്ദ ഗൗഡ, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിശാങ്ക്, തൊഴില്‍ മന്ത്രി സന്തോഷ് ഗാംങ്വാര്‍ എന്നിവര്‍ പുനഃസംഘടനയ്ക്കു മുമ്പായി രാജിവച്ചു. വനിതാ ശിശുക്ഷേമ മന്ത്രി ദേബശ്രീ ചൗധരി, മൃഗക്ഷേമ സഹമന്ത്രി പ്രതാപ സാരംഗി എന്നിവരും രാജിനല്‍കി. ആരോഗ്യ സഹമന്ത്രി അശ്വി ചൗബേയും വിദ്യാഭ്യാസ സഹമന്ത്രി സഞ്ജയ് ധോത്രെയും രാജിവച്ചതോടെ ഇരു മന്ത്രാലയങ്ങളിലും പൂര്‍ണമായ മാറ്റത്തിനാണ് കളമൊരുങ്ങുന്നത്. പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോയും രാജി വച്ചു.