'ചോര്‍ത്തല്‍ തടയാനായി ഫോണ്‍ പൊതിഞ്ഞുവെച്ചിരിക്കുന്നു'; കേന്ദ്രസര്‍ക്കാരിന് എതിരെ മമത

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടാണ് മമതയുടെ പ്രസ്താവന
മമത ബാനര്‍ജി പൊതിഞ്ഞുവെച്ച ഫോണ്‍ ഉയര്‍ത്തിക്കാണിക്കുന്നു/ട്വിറ്റര്‍
മമത ബാനര്‍ജി പൊതിഞ്ഞുവെച്ച ഫോണ്‍ ഉയര്‍ത്തിക്കാണിക്കുന്നു/ട്വിറ്റര്‍


കൊല്‍ക്കത്ത: ഫോണ്‍ ചോര്‍ത്തല്‍ തടയാനായി തന്റെ ഫോണ്‍ പൊതിഞ്ഞുവെച്ചിരിക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടാണ് മമതയുടെ പ്രസ്താവന. ഇസ്രയേല്‍ ചാരസോഫ്റ്റുവെയര്‍ ഇന്ത്യന്‍ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയതില്‍ സുപ്രീംകോടതി സ്വമേധയ കേസെടുക്കണമെന്നും മമത ആവശ്യപ്പെട്ടു. 

' ഞാനെന്റെ ഫോണ്‍ പൊതിഞ്ഞുവെച്ചിരിക്കുകയാണ്. ഓഡിയോ ആയാലും വീഡിയോ ആയാലും അവര്‍ ചോര്‍ത്തും.'- പൊതിഞ്ഞുവെച്ച ഫോണ്‍ ഉയര്‍ത്തിപ്പിടിച്ച് മമത പറഞ്ഞു. 

ഡല്‍ഹിയിലും ഒഡീഷയിലുമൊക്കെയുള്ള തന്റെ സഹപ്രവര്‍ത്തകരോട് സംസാരിക്കാന്‍ സാധിക്കുന്നില്ലെന്നും പെഗാസസ് വളരെ അപകടകാരിയാണെന്നും മമത പറഞ്ഞു. 'അവര്‍ ജനങ്ങളെ അപഹസിക്കുകയാണ്. എനിക്ക് ചില നേരം ആരോടും സംസാരിക്കാന്‍ സാധിക്കില്ല. എനിക്ക് ഡല്‍ഹി മുഖ്യമന്ത്രിയെയോ ഒഡീഷ മുഖ്യമന്ത്രിയേയോ വിളിക്കാന്‍ സാധിക്കില്ല'-മമത പറഞ്ഞു. 

മന്ത്രിമാരുടെയും ജഡ്ജിമാരുടെയും വരെ ഫോണ്‍ ചോര്‍ത്തി. ജനാധിപത്യത്തെ അവര്‍ നശിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ, ജുഡീഷ്യറി, മന്ത്രിമാര്‍, മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലായിടത്തും പെഗാസസ് നുഴഞ്ഞുകയറി. ജനാധിപത്യത്തില്‍ നിന്ന് മാറ്റി രാജ്യത്തെ നിരീക്ഷണത്തിന് അകത്താക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com