സുനന്ദ പുഷ്‌കര്‍ ദുരൂഹ മരണക്കേസ്; തരൂര്‍ വിചാരണ നേരിടണമോ എന്നതില്‍ വിധി പതിനെട്ടിന്

സുനന്ദ പുഷ്‌കര്‍ ദുരൂഹ മരണക്കേസില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂര്‍ വിചാരണ നേരിടണോ എന്നതില്‍ വിധി പറയല്‍ ഓഗസ്റ്റ് പതിനെട്ടിലേക്ക് മാറ്റി
സുനന്ദ പുഷ്കറും ശശി തരൂരും/ ഫേയ്സ്ബുക്ക്
സുനന്ദ പുഷ്കറും ശശി തരൂരും/ ഫേയ്സ്ബുക്ക്

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ ദുരൂഹ മരണക്കേസില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂര്‍ വിചാരണ നേരിടണമോ എന്നതില്‍ വിധി പറയല്‍ ഓഗസ്റ്റ് പതിനെട്ടിലേക്ക് മാറ്റി. കേസില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ ഡല്‍ഹി റോസ് അവന്യു കോടതി ഡല്‍ഹി പൊലീസിന് അനുമതി നല്‍കി. 

തരൂരിന് എതിരെ ആത്മഹത്യ പ്രേരണക്കുറ്റമോ കൊലപാതക കുറ്റമോ ചുമത്തണം എന്നാണ് പ്രോസിക്ക്യൂഷന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതുവരെ മരണകാരണം പോലും കണ്ടെത്താന്‍് കഴിയാത്ത കേസ് അവസാനിപ്പിക്കണമെന്നാണ് തരൂര്‍ വാദിക്കുന്നത്. 

ഐ.പി.സി 306 ആത്മഹത്യ പ്രേരണ, 498എ ഗാര്‍ഹിക പീഡനം എന്നീകുറ്റങ്ങളാണ് ശശി തരൂരിനെതിരെ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ പത്ത് വര്‍ഷം വരെ തടവ് ലഭിക്കാം.

ആത്മഹത്യ പ്രേരണാക്കുറ്റത്തിനാണ് കേസെങ്കിലും കൊലപാതകത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് പൊലീസ് വാദം. തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും മരണ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സുനന്ദയ്ക്ക് സംഭവിച്ചത് അപകട മരണമാകാമെന്നും ശശി തരൂര്‍ വാദിച്ചു.

2014 ജനുവരി പതിനേഴിനായിരുന്നു ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം കൊലപാതമാണെന്ന് അവകാശപ്പെട്ടെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. ഒടുവില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചേര്‍ത്ത് 2018 മെയ് 15ന് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com