ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി യുഎഇ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2021 10:02 PM  |  

Last Updated: 28th July 2021 10:02 PM  |   A+A-   |  

passenger flights from India

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനസര്‍വീസ് ഇത്തിഹാദ് എയര്‍വെയ്‌സ് നിര്‍ത്തിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് യുഎഇ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.

യുഎഇ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാനസര്‍വീസ് ഉണ്ടാകില്ലെന്ന് യുഎഇയുടെ ദേശീയ വിമാന സര്‍വീസായ ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു. യുഎഇ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധികള്‍ എന്നിവര്‍ക്ക് പ്രവേശനത്തിന് തടസം ഉണ്ടാവില്ല. എങ്കിലും ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ ഇവര്‍ തയ്യാറാവണമെന്ന് ഉത്തരവില്‍ പറയുന്നു.

അതേസമയം ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസിന് തടസ്സമില്ല. രണ്ടു ദിശയിലേക്കുമുള്ള കാര്‍ഗോ സര്‍വീസിനെയും ബാധിക്കില്ലെന്നും ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു. കഴിഞ്ഞദിവസം ഓഗസ്റ്റ് രണ്ടുവരെ ഇത്തിഹാദ് എയര്‍വെയ്‌സ് നിരോധനം നീട്ടിയിരുന്നു. ഇതാണ് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ അനന്തമായി നീട്ടിയത്.