ജാര്‍ഖണ്ഡിന് പിന്നാലെ യുപിയിലും ജഡ്ജിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം ?; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; ഗൂഢാലോചനയെന്ന് പരാതി

ജഡ്ജി അഹമ്മദ് ഖാന്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ഇന്നോവ വന്നിടിക്കുകയായിരുന്നു
ട്വിറ്റര്‍ ചിത്രം
ട്വിറ്റര്‍ ചിത്രം

ലക്‌നൗ : ജാര്‍ഖണ്ഡിന് പിന്നാലെ ഉത്തര്‍പ്രദേശിലും ജഡ്ജിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഫത്തേപൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ( പോക്‌സോ കോടതി സ്‌പെഷല്‍ ജഡ്ജി) മുഹമ്മദ് അഹമ്മദ്ഖാന്‍ ആണ് വാഹനാപകടത്തില്‍ തലനാരിഴയ്ക്ക് ജീവനോടെ രക്ഷപ്പെട്ടത്. 

ചക്‌വാന്‍ ഗ്രാമത്തിലെ കൗശമ്പി കൊക്രാജ് പ്രദേശത്തുവെച്ച് വ്യാഴാഴ്ചയായിരുന്നു സംഭവം. ജഡ്ജി അഹമ്മദ് ഖാന്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ഇന്നോവ വന്നിടിക്കുകയായിരുന്നു. ഇടിയില്‍ ജഡ്ജിയുടെ വാഹനം തകര്‍ന്നു. 

റോഡപകടമെന്ന വ്യാജേന തന്നെ കൊലപ്പെടുത്താനാണ് ശ്രമിച്ചതെന്ന് ജഡ്ജി അഹമ്മദ് ഖാന്‍ പറഞ്ഞു. കാറില്‍ താന്‍ ഇരുന്ന സ്ഥലത്ത് നിരവധി തവണ ഇന്നോവ ഇടിപ്പിച്ചതായും ജഡ്ജി പറഞ്ഞു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ജഡ്ജി കൊക്രാജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. 

ഒരു കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ തനിക്ക് വധഭീഷണി ലഭിച്ചിരുന്നതായും ജഡ്ജി അഹമ്മദ് ഖാന്‍ പൊലീസിനെ അറിയിച്ചു. കൗശമ്പി സ്വദേശിയാണ് അന്ന് ജാമ്യം നിഷേധിക്കപ്പെട്ട യുവാവെന്നും അഹമ്മദ് ഖാന്‍ വ്യക്തമാക്കി. 

സംഭവത്തില്‍ അപകടം ഉണ്ടാക്കിയ ഇന്നോവ കാറും, അതിന്‍രെ ഡ്രൈവറെയും പൊപീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി പ്രയാഗ്രാജിലെത്തിയ ജഡ്ജി അഹമ്മദ് ഖാന്‍, ഫത്തേപൂരിലേക്ക് തിരികെ പോകുന്നതിനിടെയാണ് അപകടം ഉണ്ടാകുന്നത്. അപകടത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും ജഡ്ജി ആരോപിച്ചു. 

ജഡ്ജി അഹമ്മദ് ഖാന്‍ ഏതാനും വര്‍ഷം മുമ്പ് അലഹാബാദ് ജില്ലാ കോടതിയില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആയി ജോലി നോക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദിനെ പ്രഭാതസവാരിക്കിടെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയത് രാജ്യത്തെ നടുക്കിയിരുന്നു. സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com