ബ്ലാക്ക് ഫംഗസ് ബാധ: ആംഫോടെറിസിന്‍ -ബി ഇഞ്ചക്ഷന്റെ കയറ്റുമതി നിരോധിച്ചു

ബ്ലാക്ക് ഫംഗസ് ബാധയുടെ ചികിത്സ്‌ക്കായി ഉപയോഗിക്കുന്ന ആംഫോടെറിസിന്‍ -ബി ഇഞ്ചക്ഷന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ബ്ലാക്ക് ഫംഗസ് ബാധയുടെ ചികിത്സ്‌ക്കായി ഉപയോഗിക്കുന്ന ആംഫോടെറിസിന്‍ -ബി ഇഞ്ചക്ഷന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡ് മുക്തി നേടിയവരില്‍ ബ്ലാക്ക് ഫംഗസ് ബാധ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്ത് തന്നെ ഈ മരുന്നിന്റെ ആവശ്യകത ഉയര്‍ന്ന തോതിലാണ്.

അടുത്തിടെയുള്ള കണക്കനുസരിച്ച് രാജ്യത്ത് പതിനായിരത്തിലധികം പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുതലായി കണ്ടെത്തിയത്. കോവിഡ് അതിതീവ്ര വ്യാപനത്തെ തുടര്‍ന്നാണ് രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് മുക്തി നേടുന്നവരിലാണ് ഈ അസുഖം കൂടുതലായി കണ്ടുവരുന്നത്. മരണനിരക്ക് കൂടുതലാണ് എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

ബ്ലാക്ക് ഫംഗസ് ബാധയുടെ ചികിത്സയ്ക്കായി മുഖ്യമായി ആശ്രയിക്കുന്നത് ആംഫോടെറിസിന്‍- ബി ഇഞ്ചക്ഷനാണ്. ഇതിന് ക്ഷാമം നേരിട്ട പശ്ചാത്തലത്തില്‍ ലോകത്ത് എവിടെയെല്ലാം ലഭ്യമാണ് എന്ന് പരിശോധിച്ച് മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വിദേശത്ത് നിന്ന് മരുന്ന് എത്തിച്ചിരുന്നു. മരുന്ന് ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ആംഫോടെറിസിന്റെ കയറ്റുമതി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിലക്കിയത്.നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ, ആംഫോടെറിസിന്റെ കയറ്റുമതിക്ക് പ്രത്യേക അനുമതി വാങ്ങണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com