'മിസ്റ്റർ പ്രധാനമന്ത്രി റേഷൻ മാഫിയയുമായി നിങ്ങൾക്ക് എന്തുതരം ബന്ധമാണുള്ളത്?'- ചോദ്യങ്ങളുമായി ആം ആദ്മി പാർട്ടി; വിവാദം

'മിസ്റ്റർ പ്രധാനമന്ത്രി റേഷൻ മാഫിയയുമായി നിങ്ങൾക്ക് എന്തുതരം ബന്ധമാണുള്ളത്?'- ചോദ്യങ്ങളുമായി ആം ആദ്മി പാർട്ടി; വിവാദം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: കേന്ദ്രവും ഡ‍ൽഹി സർക്കാരും തമ്മിലുള്ള അധികാര തർക്കം മുറുകുന്നതിനിടെ പുതിയ വിവാദം. ഡൽഹി സർക്കാറിന്റെ അഭിമാന പദ്ധതികളിലൊന്നായ വാതിൽപ്പടി റേഷൻ വിതരണത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതായി റിപ്പോർട്ടുകൾ. അടുത്ത ആഴ്ച ആരംഭിക്കാനിരുന്ന പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയില്ലെന്ന് ആംആദ്മി സർക്കാർ വെളിപ്പെടുത്തി. 

ഡൽഹിയിലെ ഓരോ വീട്ടുകാർക്കും അവരുടെ പടിവാതിൽക്കൽ റേഷൻ വിതരണം ചെയ്യാനായിരുന്നു ഡൽ​ഹി സർക്കാരിന്റെ പദ്ധതി. 72 ലക്ഷം പേർക്ക് ഗുണകരമാകുന്ന പദ്ധതി അടുത്തയാഴ്ച നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാൽ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ഇല്ലാത്തതിനാൽ ഇത് നടപ്പാക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ലഫ്റ്റനന്റ് ​ഗവർണർ ഫയൽ നിരസിക്കുകയായിരുന്നുവെന്ന് ഡൽഹി സർക്കാർവ‍ൃത്തങ്ങളെ ഉദ്ധരിച്ച് എൻഡി ടിവി റിപ്പോർട്ട് ചെയ്തു. 

പദ്ധതി നിരസിക്കപ്പെട്ടതോടെ ട്വിറ്ററിൽ കേന്ദ്ര സർക്കാരിനെതിരെ വലിയ പ്രതിഷേധത്തിന് ആം ആദ്മി പാർട്ടി തുടക്കമിട്ടു. നരേന്ദ്ര മോദിയെ കടന്നാക്രമിച്ചുകൊണ്ട് ആം ആദ്മി ട്വീറ്റ് ചെയ്തു. 'മിസ്റ്റർ പ്രധാനമന്ത്രി, കെജ്‌രിവാളിന്റെ 'മുഖ്യമന്ത്രി ഘർ ഘർ റേഷൻ യോജന' നിർത്താൻ റേഷൻ മാഫിയയുമായി നിങ്ങൾക്ക് എന്തുതരം ബന്ധമാണുള്ളത്? പിസയും ബർഗറും വസ്ത്രങ്ങളും സ്മാർട്ട് ഫോണും ഹോം ഡലിവറി നടത്തുമ്പോൾ പവപ്പെട്ടവർക്കുള്ള റേഷൻ ഡെലിവറി അനുവദിക്കുന്നില്ല. എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇത്ര ദരിദ്ര വിരുദ്ധനാകുന്നത്'- ആം ആദ്മി ചോദിച്ചു. 

ഈ വർഷം മാർച്ചിൽ പദ്ധതിക്കെതിരേ കേന്ദ്രം ആശങ്കകൾ ഉയർത്തിയിരുന്നു. റേഷൻ കാർഡ് ഉടമകൾ ധാന്യങ്ങളും മറ്റും കേന്ദ്ര നിയമപ്രകാരം നിശ്ചയിച്ചതിനേക്കാൾ ഉയർന്ന നിരക്കിൽ വാങ്ങാൻ ഇടയാക്കുമെന്നും പറഞ്ഞിരുന്നു. സബ്‌സിഡികൾ സ്വീകരിക്കുന്നവർ താമസം മാറുന്ന സാഹചര്യത്തിലടക്കം പദ്ധതി നടപ്പാക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നാണ് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com