വാക്‌സിന്‍ വിതരണത്തില്‍ അസമത്വമില്ല; വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് കേന്ദ്രം

വാക്സിന്‍ വിതരണത്തിലെ അസമത്വത്തെക്കുറിച്ചുളള മാധ്യമവാര്‍ത്തകളെ തള്ളി കേന്ദ്രം
ചിത്രം പിടിഐ
ചിത്രം പിടിഐ



ന്യൂഡല്‍ഹി: വാക്സിന്‍ വിതരണത്തിലെ അസമത്വത്തെക്കുറിച്ചുളള മാധ്യമവാര്‍ത്തകളെ തള്ളി കേന്ദ്രം. ഇത്തരം വാര്‍ത്തകള്‍ കൃത്യതയില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്ന് കേന്ദ്രം പറഞ്ഞു. 

സ്വകാര്യമേഖലയ്ക്കും കേന്ദ്രത്തിലും വലിയ പങ്ക് നല്‍കുന്നതാണ് വാക്സിന്‍ നയമെന്ന് കേന്ദ്രം പ്രസ്താവനയില്‍ അവകാശപ്പെട്ടു. പണം നല്‍കി വാക്സിനെടുക്കാന്‍ പ്രാപ്തിയുളളവരും, സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ ആഗ്രഹിക്കുന്നവരെയും കണക്കിലെടുക്കുമ്പോള്‍ 25 ശതമാനം വാക്സിന്‍ സ്വകാര്യ മേഖലയ്ക്ക് നീക്കിവെക്കുന്നതിലൂടെ സര്‍ക്കാര്‍ വാക്സിനേഷന്‍ സൗകര്യങ്ങളുടെ പ്രവര്‍ത്തന സമ്മര്‍ദം ലഘൂകരിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. 

വാക്സിന്‍ വിതരണത്തിലെ അസമത്വമെന്ന വാര്‍ത്ത പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. മെട്രോ നഗരങ്ങളിലെ ആശുപത്രികളില്‍ മാത്രമായിരിക്കില്ല വാക്സിന്‍ വിതരണം ചെയ്യുന്നതെന്നും ചെറിയ നഗരങ്ങളിലും വാക്സിനുകള്‍ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

2021 ജൂണ്‍ ഒന്നിലെ കണക്കുപ്രകാരം മെയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് 1.20 കോടി ഡോസ് വാക്സിനാണ് ലഭിച്ചത്. മെയ് നാലിലെ കണക്കുപ്രകാരം സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്ക് എന്നീ കമ്പനികളുമായി കരാറുണ്ടാക്കിയിട്ടുളള സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഷീല്‍ഡ്, കോവാക്സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. 

25 ശതമാനം വാക്സിന്‍ സ്വകാര്യ മേഖലയ്ക്ക് നീക്കിവെക്കുന്നതിലൂടെ ഏപ്രിലിലാണ് കേന്ദ്രം ഉദാരവത്കരിച്ച വാക്സിന്‍ നയം പ്രഖ്യാപിക്കുന്നത്. 18 വയസ്സിന് മുകളില്‍ പ്രായമുളള എല്ലാവര്‍ക്കും മെയ് ഒന്നുമുതല്‍ വാക്സിന്‍ വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. 

പുതിയ നയപ്രകാരം വാക്സിന്‍ ഉല്പാദകര്‍ക്ക് തങ്ങള്‍ ഉല്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനം ഡോസുകള്‍ കേന്ദ്രത്തിനും ബാക്കി അമ്പത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഓപ്പണ്‍ മാര്‍ക്കറ്റിലും വിതരണം ചെയ്യാം. 

കേന്ദ്രത്തിന്റെ വാക്സിന്‍ നയത്തെ സുപ്രീംകോടതിയും ചോദ്യം ചെയ്തിരുന്നു. 45 വയസ്സിന് മുകളിലുളളവര്‍ക്ക് സൗജന്യമായും 18-44 വയസ്സിലുളളവര്‍ക്ക് പണം ഈടാക്കിയും വാക്സിന്‍ വിതരണം ചെയ്യുന്നതാണ് കോടതി ചോദ്യം ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com