ഡ്രൈവിങ് ടെസ്റ്റില്ല, പരിശീലനം പൂർത്തിയാക്കുന്നവർക്ക് ലൈസൻസ്; പുതിയ സംവിധാനം വരുന്നു

‘അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററു’കളിൽനിന്ന് പരിശീലനം കഴിഞ്ഞവർക്കാണ് പരീക്ഷ പാസാവാതെ ലൈസൻസ് ലഭിക്കുക
പ്രതീകാത്മക ദൃശ്യം
പ്രതീകാത്മക ദൃശ്യം

ന്യൂഡൽഹി; ഡ്രൈവിങ് ടെസ്റ്റ് പാസാവാതെ ലൈസൻസ് എടുക്കാനാവുമോ? ഒരു മാസം കാത്തിരുന്നാൽ മതി. റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാതെ ലൈസൻസ് നേടാനുള്ള അവസരം ഒരുങ്ങുകയാണ്.  ‘അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററു’കളിൽനിന്ന് പരിശീലനം കഴിഞ്ഞവർക്കാണ് പരീക്ഷ പാസാവാതെ ലൈസൻസ് ലഭിക്കുക. 

ഇത്തരം സെന്ററുകൾക്ക് ബാധകമാകുന്ന ചട്ടങ്ങൾ ജൂലായ് ഒന്നിന് നിലവിൽ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം പറഞ്ഞു. ഉയർന്ന നിലവാരത്തിൽ പരിശീലനം നൽകാനുള്ള സംവിധാനങ്ങൾ ഇത്തരം സെന്ററുകളിൽ ഉണ്ടായിരിക്കണമെന്ന് ചട്ടത്തിൽ പറയുന്നു. വിവിധ പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം കൃത്രിമമായി ലഭിക്കുന്ന സംവിധാനം, ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എന്നിവ ഉണ്ടായിരിക്കണം. അക്രഡിറ്റഡ് സെന്ററുകളിൽനിന്ന് പരിശീലനം പൂർത്തിയാക്കുന്നവർക്ക് അവിടെനിന്നുതന്നെ ലൈസൻസ് ലഭിക്കും.

ഓരോ മേഖലയ്ക്കും ആവശ്യമായ പ്രത്യേക പരിശീലനം നൽകാനും ഇത്തരം സെന്ററുകൾക്ക് അനുമതിയുണ്ട്. 2019-ലെ മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ എട്ടാം വകുപ്പാണ് അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററുകൾ സംബന്ധിച്ച ചട്ടമിറക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്നത്. എന്നാൽ, ഇത്തരം സെന്ററുകൾ പൂർണമായും സർക്കാരിന് കീഴിലാകുമോ അതോ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകുമോ എന്നതു സംബന്ധിച്ചൊന്നും വ്യക്തത വന്നിട്ടില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com