കോവിഡ് രോ​ഗിയുടെ മൃതദേഹം ആശുപത്രിയിൽ വിവസ്ത്രമായ നിലയിൽ; 'പണവും മൊബൈലും തട്ടാൻ കൊല'; സെക്യൂരിറ്റി ജീവനക്കാരി അറസ്റ്റിൽ

ജൂൺ എട്ടിനാണ് മൃതദേഹം അഴുകിയനിലയിൽ ആശുപത്രിയിലെ എട്ടാംനിലയിൽ കണ്ടെത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ : കോവിഡ് രോ​ഗിയുടെ മൃത​ദേഹം ആശുപത്രിയിൽ അഴുകിയനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരി അറസ്റ്റിൽ. രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിലെ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരി രതിദേവി(40) ആണ് അറസ്റ്റിലായത്.  പണവും മൊബൈൽ ഫോണും തട്ടിയെടുക്കാൻ കോവിഡ് രോ​ഗിയെ കൊന്ന് മൃതദേഹം ആശുപത്രിയുടെ എട്ടാംനിലയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

വെസ്റ്റ് താംബരം സ്വദേശിയായ സുനിത(41) ആണ് കൊല്ലപ്പെട്ടത്. കോവിഡ് ബാധിച്ച് രാജീവ് ഗാന്ധി ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുനിതയെ കാണാൻ മേയ് 23-ന് ഭർത്താവ് മൗലി ആശുപത്രിയിലെത്തിയെങ്കിലും വാർഡിൽ ഭാര്യയെ കണ്ടില്ല. അദ്ദേഹം ഇക്കാര്യം ആശുപത്രിയധികൃതരെ അറിയിച്ചു. എന്നാൽ ഇതിനിടയിൽ മൗലിയും കോവിഡ് ബാധിച്ച് ചികിത്സയിലായി. സുനിതയുടെ ഫോണിൽ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേതുടർന്ന് മൗലി പൊലീസിൽ പരാതി നൽകി. 

ജൂൺ എട്ടിനാണ് സുനിതയുടെ മൃതദേഹം അഴുകിയനിലയിൽ ആശുപത്രിയിലെ എട്ടാംനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണമാണ് സെക്യൂരിറ്റി ജീവനക്കാരിയിലേക്കെത്തിയത്. സുനിതയുടെ പഴ്‌സിൽ നിന്ന് 9000 രൂപ രതിദേവി മോഷ്ടിക്കാൻ ശ്രമിക്കുന്നതുകണ്ട സുനിത ഇത് എതിർക്കുകയും ആശുപത്രിയധികൃതരെ വിവരമറിയിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ഇതുകേട്ട് ഭയന്ന രതിദേവി ഓക്സിജന്റെ സഹായത്തോടെ ചികിത്സയിൽക്കഴിഞ്ഞിരുന്ന സുനിതയെ സ്ട്രച്ചറിൽ കയറ്റി എട്ടാം നിലയിലെത്തിച്ചു. കഴുത്തിൽ പ്ലാസ്റ്റിക് വയർ ചുറ്റി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വിവസ്ത്രയാക്കി എട്ടാം നിലയിൽ ഉപേക്ഷിച്ചു. 

അന്വേഷണം വഴിതെറ്റിക്കാനാമ് വസ്ത്രം അഴിച്ചുമാറ്റിയത്. രതിദേവിയുടെ പക്കൽനിന്ന് സുനിതയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com