കോവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദം, മൂന്നാംഘട്ട പരീക്ഷണഫലം

ഹൈദരാബാദിലെ ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്ന് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച വാക്‌സിനാണിത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡിനെതിരേ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കോവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ വിദഗ്ധ സമിതി അംഗീകരിച്ച കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

ഹൈദരാബാദിലെ ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്ന് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച വാക്‌സിനാണിത്. രാജ്യത്തുടനീളം 25,800 പേരിലാണ് കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. 

കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തുവിട്ട മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഇടക്കാല വിശകലനത്തില്‍ കോവാക്‌സിന്‍ 81 ശതമാനം ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ രാജ്യത്ത് കോവാക്‌സിന് അടിയന്തര ഉപയോഗത്തിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. 

കോവാക്‌സിന് പുറമേ കോവിഷീല്‍ഡ്, റഷ്യന്‍ നിര്‍മിത സ്പുട്‌നിക് എന്നീ വാക്‌സിനുകളാണ് നിലവില്‍ ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത്. മൂന്നാംഘട്ട പരീക്ഷണ ഫലവും ഡിസിജിഐ അംഗീകരിച്ചതോടെ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടാന്‍ ഭാരത് ബയോടെകിന് സാധിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com