രണ്ടാം തരംഗം; മുംബൈയിൽ കുട്ടികൾക്ക് വ്യാപകമായി കോവിഡ് ബാധിച്ചു; ആന്റീബോഡി 51.18 ശതമാനം

രണ്ടാം തരംഗം; മുംബൈയിൽ കുട്ടികൾക്ക് വ്യാപകമായി കോവിഡ് ബാധിച്ചു; ആന്റീബോഡി 51.18 ശതമാനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: മുംബൈ ന​ഗരത്തിൽ 18 വയസിൽ താഴെയുള്ള 51 ശതമാനത്തിലധികം കുട്ടികളിലും കോവിഡിനെതിരായ ആന്റീബോഡിയുണ്ടെന്ന് കണ്ടെത്തൽ. സിറോ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. ഏപ്രിൽ ഒന്നിനും ജൂൺ 15 നുമിടയിൽ മുംബൈയിലെ പാത്ത് ലാബുകളിൽ നിന്ന് ശേഖരിച്ച 2176 രക്ത സാമ്പിളുകൾ പരിശോധിച്ചാണ് ഇക്കാര്യം കണ്ടെത്തിയത്.

പത്തിനും 14 നും ഇടയിൽ പ്രായമുള്ള 53.43 ശതമാനം കുട്ടികളിലും 15 നും 18 നുമിടെ പ്രായമുള്ള 51.39 ശതമാനത്തിലും ഒന്നിനും നാല് വയസിനുമിടെ പ്രായമുള്ള 51.04 ശതമാനത്തിലും ആന്റീബോഡി കണ്ടെത്തി. ഇതോടെയാണ് 18 വയസിന് താഴെ പ്രായമുള്ള കുട്ടികളിൽ 51.18 ശതമാനത്തിനും കോവിഡിനെതിരായ ആന്റീബോഡിയുണ്ടെന്ന് വ്യക്തമായത്. 

നേരത്തെ 2021 മാർച്ചിൽ സിറോ സർവേ നടത്തിയിരുന്നു. സർവേയിൽ 18 വയസിൽ താഴെയുള്ള 39.4 ശതമാനം കുട്ടികളിൽ കോവിഡ് ആന്റീബോഡി ഉണ്ടെന്നായിരുന്നു കണ്ടെത്തിയത്. അന്നത്തെ ഫലവുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികളിൽ കോവിഡ് ആന്റീബോഡി വൻതോതിൽ വർധിച്ചിട്ടുണ്ടെന്നാണ് പുതിയ സിറോ സർവേയിൽ വ്യക്തമായിട്ടുള്ളതെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ വൃത്തങ്ങൾ അവകാശപ്പെട്ടു. 

രണ്ടാം തരംഗത്തിനിടെ മുംബൈയിലെ നല്ലൊരു ശതമാനം കുട്ടികൾക്കും കോവിഡ് ബാധിച്ചുവെന്നാണ് ആന്റീബോഡിയുള്ളവരുടെ എണ്ണത്തിലെ വർധന വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള 8000 കുട്ടികൾക്ക് മെയ് മാസത്തിൽ കോവിഡ് ബാധിച്ചുവെന്ന് അധികൃതർ കഴിഞ്ഞമാസം അറിയിച്ചിരുന്നു. ജില്ലയിൽ ആസമയത്ത് ആകെ കോവിഡ് ബാധിച്ചവരുടെ പത്ത് ശതമാനമാണ് ഇത്. 

കർണാടകയിൽ 1.4 ലക്ഷം കുട്ടികൾക്ക് മാർച്ച്- മെയ് മാസങ്ങൾക്കിടെ കോവിഡ് ബാധിച്ചിരുന്നുവെന്ന് കഴിഞ്ഞ മാസം നടത്തിയ സിറോ സർവേയിൽ വ്യക്തമായിരുന്നു. ഇതിൽ 40,000ത്തോളം പേർ പത്ത് വയസിൽ താഴെ പ്രായമുള്ളവരാണ്. മൂന്നാം തരംഗം സംബന്ധിച്ച ആശങ്കകൾ രാജ്യത്ത് നിലനിൽക്കുന്നതിനിടെയാണ് മുംബൈയിലെയും കർണാടകയിലെയും സിറോ സർവേ ഫലങ്ങൾ പുറത്തുവന്നിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com