മന്ത്രിക്ക് കോവിഡ് വാക്സിൻ കുത്തിവയ്പ്പ് വീട്ടിൽ, വിവാദം; വിശദീകരണം തേടി കേന്ദ്രം 

കർണാടക കൃഷി മന്ത്രി ബി സി പാട്ടീൽ ആണ് വീട്ടിൽ വച്ച് വാക്സിനെടുത്തത്
കോവിഡ് വാക്സിൻ സ്വീകരിക്കുന്ന മന്ത്രി ബി സി പാട്ടീൽ/ ചിത്രം: എഎൻഐ
കോവിഡ് വാക്സിൻ സ്വീകരിക്കുന്ന മന്ത്രി ബി സി പാട്ടീൽ/ ചിത്രം: എഎൻഐ

ബെംഗളൂരു: കർണാടക മന്ത്രി കോവിഡ് വാക്‌സിൻ കുത്തിവെപ്പ് വീട്ടിൽ നിന്നെടുത്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൃഷി മന്ത്രി ബി സി പാട്ടീൽ ആണ് ഹവേരി ജില്ലയിലെ ഹിരെകേരൂരിലുള്ള തന്റെ വീട്ടിൽ വച്ച് വാക്സിനെടുത്തത്. ചൊവ്വാഴ്ചയാണ് ആരോഗ്യ പ്രവർത്തർ മന്ത്രിയുടെ വീട്ടിലെത്തി വാക്‌സിൻ നൽകിയത്. 

കോവിഡ് വാക്‌സിൻ പ്രോട്ടോക്കോൾ അനുസരിച്ച് അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ മാത്രമേ വാക്സിൻ കുത്തിവയ്പ്പ് നൽകാവൂ. എന്നാൽ വീട്ടിൽ എത്തി വാക്സിൻ നൽകുന്നത് അനുവദനീയമല്ല.  മന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും കുത്തിവെപ്പെടുത്തിരുന്നു. വാക്‌സിനെടുക്കുന്ന ചിത്രം സഹിതം മന്ത്രി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് സംഭവം വിവാദമായത്. ഇതേക്കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൻ പറഞ്ഞു. 

ആശുപത്രിയിലെത്തി കുത്തിവെപ്പെടുക്കുമ്പോൾ അവിടെ കാത്തിരിക്കുന്ന ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നത് ഒഴിവാക്കാനാണ് വീട്ടിൽവെച്ച് തന്നെ വാക്‌സിനെടുത്തതെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമാണ് പാട്ടീലിന്റെ വിശദീകരണം. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും മന്ത്രിയെ ന്യായീകരിച്ച് രം​ഗത്തെത്തി. കുത്തിവെപ്പെടുത്ത സ്ഥലം ഏതാണ് എന്നതിനെക്കാൾ പ്രധാനം വാക്‌സിൻ എടുക്കുക എന്നതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com