ഒടിടി പ്ലാറ്റ്‌ഫോമുകള്‍ അശ്ലീലം പ്രദര്‍ശിപ്പിക്കുന്നു: സുപ്രീം കോടതി

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ അശ്ലീലം പ്രദര്‍ശിപ്പിക്കുന്നു: സുപ്രീം കോടതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ചില ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ചിലപ്പോഴെല്ലാം അശ്ലീലമായ ഉള്ളടക്കം കാണിക്കുന്നുണ്ടെന്നും ഇതു പരിശോധിക്കാന്‍ സംവിധാനം വേണമെന്നും സുപ്രീം കോടതി. സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മാര്‍ഗ നിര്‍ദേശങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ആവശ്യപ്പെട്ടു. താണ്ഡവ് കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ പരാമര്‍ശം.

മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ ആമസോണ്‍ പ്രൈം ഇന്ത്യ മേഥാവി അപര്‍ണ പുരോഹിത് നല്‍കിയ അപ്പീല്‍ ആണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ചില ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ചില സമയങ്ങളില്‍ പോര്‍ണോഗ്രാഫിക് ഉള്ളടക്കം കാണിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

താണ്ഡവുമായി ബന്ധപ്പെട്ട് പത്തു കേസുകളിലാണ് അപര്‍ണയെ പ്രതിയാക്കിയിരിക്കുന്നതെന്ന് സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു. അവര്‍ സീരീസിന്റെ നിര്‍മാതാവോ അഭിനേതാവോ അല്ലെന്ന് റോത്തഗി അറിയിച്ചു.

സെയ്ഫ് അലി ഖാനും ഡിംപിള്‍ കപാഡിയയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച താണ്ഡവ് രാജ്യത്ത് വലിയ വിവാദത്തിനു കാരണമായിരുന്നു. രാജ്യത്തുടനീളം പല കേന്ദ്രങ്ങളിലാണ് താണ്ഡവിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സീരീസ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നാണ് മുഖ്യ ആക്ഷേപം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com